സിഎഎ ഇല്ലാത്ത പ്രകടനപത്രിക; വോട്ടര്‍മാരോട് പച്ചക്കള്ളം പറയുന്ന കോണ്‍ഗ്രസിന് മറുപടിയുണ്ടോ?; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

dr. john brittas m p

ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

പിണറായി പേജ് എട്ട് നോക്കൂ എന്ന് സതീശന്‍. പൗരത്വ ഭേദഗതി സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിശ്ശബ്ദതയെക്കുറിച്ച് മുഖ്യമന്ത്രി ഉയര്‍ത്തിയ വാദമുഖങ്ങള്‍ക്കുള്ള മറുപടി ആയിട്ടാണ് സതീശന്‍ ബ്രഹ്‌മാസ്ത്രം കണക്കേ കോണ്‍ഗ്രസ് പ്രകടന പത്രികയുടെ എട്ടാം പേജിലേയ്ക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധക്ഷണിച്ചത്. ഒന്നുകില്‍, സതീശന്‍ മെയ് വഴക്കത്തോടെ ചെപ്പടിവിദ്യ കാണിച്ചതാണ്. അല്ലെങ്കില്‍, മണ്ടത്തരം പറഞ്ഞതാണ്. എന്നാല്‍, സിഎഎ വിവാദം കത്തിക്കാളുന്ന സ്ഥിതിക്ക് പ്രകടനപത്രിക വായിക്കാതെ ഒരു മണ്ടത്തരം സതീശന്‍ പറയാന്‍ സാധ്യതയില്ലല്ലോ. മനോരമ അദ്ദേഹം പറഞ്ഞത് വേദവാക്യം പോലെ മിഴിവോടെ നല്‍കുകയും ചെയ്തു: ”ഭരണഘടനയുടെ അനുച്ഛേദം 14നു വിരുദ്ധമായി ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെല്ലാം റദ്ദാക്കുമെന്ന് പ്രകടനപത്രിക വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പൗരത്വ നിയമ ഭേദഗതിയും അതില്‍ ഉള്‍പ്പെടുമെന്നും സതീശന്‍ പറഞ്ഞു.

പ്രകടന പത്രിക പേജ് 8 ഒന്നു നോക്കാം. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള തലക്കെട്ടിനു താഴെ പലതും പറയുന്നുണ്ട്. എന്നാല്‍, സതീശന്‍ പറഞ്ഞ അനുച്ഛേദം 14 എവിടെയും ഇല്ല. അനുച്ഛേദം 15ഉം 16ഉം 28 ഉള്‍പ്പെടെയുള്ള മറ്റ് അനുച്ഛേദങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അനുച്ഛേദം 14 പറഞ്ഞിട്ടില്ല എന്നതിനര്‍ത്ഥം തന്നെ പൗരത്വ ഭേദഗതി ഒരു കാരണവശാലും പരാമര്‍ശിക്കുന്നില്ല എന്നതാണ്. ഇത് പകല്‍ പോലെ വ്യക്തമാണ്. വിശദീകരിക്കാം – ഭരണഘടന പൗരന്മാര്‍ക്കുമാത്രമായി നല്കുന്ന അവകാശങ്ങളുണ്ട്. അതാണ് അനുച്ഛേദം 15ല്‍ ഉള്ളത്. സതീശന്‍ പരാമര്‍ശിച്ച അനുച്ഛേദം 14ലുള്ളത് ഇന്ത്യയില്‍ വസിക്കുന്ന ഏവര്‍ക്കുമുള്ള അവകാശമാണ്. അനുച്ഛേദം 14 പറയുന്നത്, ഏതൊരു വ്യക്തിക്കും (പൗരന്മാര്‍ വിദേശികള്‍ എന്ന വിവേചനമില്ലാതെ) നിയമത്തിനു മുന്നില്‍ തുല്യനീതിയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യ നിയമ പരിരക്ഷയും ഉറപ്പു നല്കുന്നു എന്നാണ്.

സിഎഎ എന്നത്, കൃത്യമായിപ്പറഞ്ഞാല്‍, അനുച്ഛേദം 14ന്റെ ലംഘനമാണ്. അതറിയാവുന്നതുകൊണ്ടായിരിക്കുമല്ലോ, സതീശന്‍ 14 എടുത്തു പറഞ്ഞത്. എന്നാല്‍, ആ 14 അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ഇല്ല എന്നതാണ് വസ്തുത. സാധാരണഗതിയില്‍ വെണ്ടയ്ക്ക നിരത്തുന്നതിനു മുമ്പ് തങ്ങളുടെ ഇഷ്ടനേതാക്കളുടെ പിഴവുകള്‍ തിരുത്തുകയോ വിട്ടുകളയുകയോ ചെയ്യുന്ന മനോരമയ്ക്ക് ഇക്കുറി അടിപറ്റി.

Also Read:‘ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരും’, സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

സിഎഎയ്ക്കു മേലുള്ള കോണ്‍ഗ്രസ്സിന്റെ ഉരുണ്ടുകളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്രസമ്മേളനത്തില്‍ ഇതേക്കുറിച്ചുള്ള നിലപാട് ആരാഞ്ഞപ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞത്, ആലോചിച്ചിട്ട് വെളുക്കുമ്പോള്‍ പറയാമെന്ന്. അതു കേട്ടു ചിരിച്ചവരില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമുണ്ട്. ഖാര്‍ഗേയുടെ വാക്കുകള്‍ക്കുശേഷം ഒരുപാട് ഉദയാസ്തമയങ്ങളുണ്ടായി. ഇതുവരെ കേരളത്തിനു വെളിയിലെ ഒരു കോണ്‍ഗ്രസ് നേതാവും ഒന്നും മൊഴിഞ്ഞതായി അറിയില്ല.

ഇക്കുറി ന്യായപത്ര എന്ന പേരില്‍ സമഗ്രമായ പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. അതില്ലെങ്കിലും സിഎഎയെക്കുറിച്ച് പരാമര്‍ശം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിഷയം ഉന്നയിച്ചത്.

ഏതെങ്കിലും പൊതു പ്രയോഗത്തില്‍ സിഎഎ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേരളത്തിലെ നേതാക്കള്‍ വാദിക്കുന്നത് നിരര്‍ത്ഥകമാണ്. കാരണം, ലളിതമാണ്. പ്രകടന പത്രിക ഒന്ന് ഓടിച്ചു നോക്കുക. കഴിഞ്ഞ 10 വര്‍ഷക്കാലം ബിജെപി സര്‍ക്കാര്‍ പാസാക്കിയ ഒട്ടേറെ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചും പുനഃപരിശോധിക്കുന്നതിനെക്കുറിച്ചും ന്യായപത്രം എടുത്തു പറയുന്നുണ്ട്. പേജ് 21 നോക്കുക – ടെലി കമ്യൂണിക്കേഷന്‍ ആക്ടും സ്വകാര്യതയെ ബാധിക്കുന്ന നിയമങ്ങളും പുനഃപരിശോധിക്കും. പേജ് 22ല്‍ തൊഴിലാളികള്‍, കര്‍ഷകര്‍, വനം, പരിസ്ഥിതി, ക്രിമിനല്‍ ജസ്റ്റിസ് എന്നീ മേഖലകളില്‍ പാസാക്കിയ നിയമങ്ങള്‍ പുനഃപരിശോധിക്കും. 23ല്‍ ബ്രോഡ് കാസ്റ്റിംഗ് റഗുലേഷന്‍, ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍, പ്രസ് ആന്‍ഡി റജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ആക്ട് എന്നിവ പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യും. ഒപ്പം ജിഎസ്ടി നിയമങ്ങള്‍ മാറ്റി പുതിയവ കൊണ്ടുവരുന്നതിനെക്കുറിച്ചും പറയുന്നു. 36ല്‍ നാഷനല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ആക്ട് പുനഃപരിശോധിക്കുമെന്ന് വ്യക്തമായി പറയുന്നു. അങ്ങനെ, ഒരു ഡസനിലേറെ ആക്ടുകളുടെ പേര് എടുത്തു പറയുമ്പോള്‍ പരാമര്‍ശം പോലും അര്‍ഹിക്കാത്ത ഒന്നായി സിഎഎ മാറിപ്പോയോ എന്ന ചോദ്യത്തിനാണ് കോണ്‍ഗ്രസ് മറുപടി പറയേണ്ടത്. പൗരത്വ ഭേദഗതിക്കുമേല്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ അനിവാര്യമാണെന്ന് കേന്ദ്രം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇന്ത്യയുടെ ബഹുസ്വരതയ്ക്കും മതനിരപേക്ഷതയ്ക്കും എന്തിനേറെ സുരക്ഷയ്ക്കും പരമപ്രധാനമായ ഒരു ഭേദഗതിയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നുവെന്നു മാത്രമല്ല, അതേക്കുറിച്ച് പച്ചക്കളവുകൂടി എഴുന്നള്ളിക്കുന്നു എന്നതാണ് ദുഃഖസത്യം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News