‘എന്ത് തിന്നണം, എന്ത് ഉടുക്കണം, എന്ത് പേരിൽ അറിയപ്പെടണം എന്നൊക്കെ അധികാരികൾ തീരുമാനിക്കുന്ന കാലം’, ഭ്രമയുഗത്തിന് സമകാലിക ഇന്ത്യയുമായി ബന്ധമുണ്ട്

ലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ കഥകളിൽ എല്ലാം തന്നെ മണികണ്ഠൻ ആർ ആചാരി ഉണ്ടായിരുന്നു. കമ്മട്ടിപ്പാടം മുതൽക്ക് കാർബണും ഭ്രമയുഗം വരെ എത്തി നിൽക്കുന്ന അഭിനയ ജീവിതത്തിൽ അയാൾ എത്തിപ്പിടിച്ചതൊക്കെ മികച്ച കഥാപാത്രങ്ങളായി മാറിയിരുന്നു. പിന്നിട്ട വഴികളെ കുറിച്ചും ഭ്രമയുഗം എന്ന ചരിത്ര സിനിമയെ കുറിച്ചും മണികണ്ഠൻ ആർ ആചാരി പറയുന്നു.

ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. അത് തീർന്നാൽ പിന്നെന്ത് ജീവിതം. ഓരോ വീഴ്ചകളും എഴുന്നേൽക്കാൻ കൂടിയുള്ളതാണ്. അതുകൊണ്ട് തന്നെ എല്ലായിടത്തുനിന്നും ഞാൻ പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ചു വരും. യാത്രകൾ ചെയ്യും, അഭിനയിക്കും…

ഒരു ബ്ലാക് ആൻഡ് വൈറ്റ് പരീക്ഷണം

ഭ്രമയുഗം ഒരു പരീക്ഷണം തന്നെയാണ്. ശ്രീകൃഷ്ണപ്പരുന്തിന് ശേഷം ഇത്രത്തോളം പ്രേക്ഷകരിൽ ഇമ്പാക്ട് ഉണ്ടാക്കിയ മറ്റൊരു സിനിമയില്ല. എല്ലാ സിനിമകളും പ്രതീക്ഷകളോടെ തന്നെയാണ് പുറത്തിറങ്ങുന്നത്. ഭ്രമയുഗവും അതേ പ്രതീക്ഷയോടെ തന്നെയാണ് പുറത്തിറങ്ങിയത്. പ്രേക്ഷകർ അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മികച്ച ക്യാമറാമാനേയും, മികച്ച ആര്ട്ട് ഡയറക്ടറേയും മറ്റ് ടെക്നിക്കൽ വശങ്ങളും നന്നായിട്ട് അറിയുന്നവരാണ് ഇന്നത്തെ പ്രേക്ഷകർ. അവർ പണ്ടുള്ളവരെ പോലെ നായികയെയും നായകനെയും മാത്രം അറിയുന്നവരല്ല. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ക്വാളിറ്റി കൂടുമ്പോൾ സിനിമകളുടെ ക്വാളിറ്റിയും കൂടും. സമകാലിക മലയാള സിനിമാ പ്രേക്ഷകർ സംവിധായകരെയും, തിരക്കഥാകൃത്തുക്കളെയും, പ്രൊഡക്ഷൻ കമ്പനിയും നോക്കിക്കൂടിയാണ് സിനിമ കാണുന്നത്. അതുകൊണ്ട് തന്നെ ബ്ലാക് ആൻഡ് വൈറ്റ് എന്നത് ഒരു പ്രശ്നമായി തോന്നിയില്ല. നല്ല സിനിമകൾ അംഗീകരിക്കപ്പെടും.

പരിധിയില്ലാത്ത മമ്മൂട്ടിയുടെ പകർന്നാട്ടങ്ങൾ

രജനി സാറിന്റെ കൂടെ പേട്ടയിൽ, ലാലേട്ടന്റെ കൂടെ മലൈക്കോട്ടൈ വാലിബനിൽ മമ്മൂക്കയുടെ കൂടെ മാമാങ്കത്തിലും, ഇപ്പോൾ ഭ്രമയുഗത്തിൽ. ഇവരെ കുറിച്ച് ഒക്കെ പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ഭ്രമയുഗത്തിലെ സിദ്ധാർഥ് ഭരതന്റെ കഥാപാത്രം അർജുൻ അശോകന്റെ കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗാണ് ഓര്മ വരുന്നത്.

ഇപ്പൊ ഏതാണ് മാസം എന്ന് നിനക്ക് ഓർമ്മയുണ്ടോ?
ഇതേതാ സ്ഥലം എന്നറിയോ?
നീ എങ്ങനെ ഇതിനകത്ത് വന്നുപെട്ടു എന്നറിയോ?
നീ എങ്ങനെ ഇതിനകത്തു നിന്നും പുറത്തുപോകും എന്നറിയോ?
നിനക്കൊന്നും പറയാൻ കഴിയില്ല ..
ഇത് ഭ്രമയുഗാ

എന്ന് പറയുന്നത് പോലെ ഈ മൂന്ന് മനുഷ്യന്മാരുടെ സിനിമയിലേക്ക് കയറിയാൽ അതൊരു കോട്ട പോലെയാണ്. അതൊരു മാജിക് ഷോയാണ്. ആകാശത്തു നിന്ന് റോസാപ്പൂ വന്നു പോക്കറ്റിൽ നിന്ന് പ്രാവ് വന്നു എന്ന് പറയുന്നത് പോലെയാണ് ഇവരുടെയൊക്കെ അഭിനയം. അതുല്യ പ്രതിഭകളാണ് ഇവർ. കൂടെ അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹവും ഹാർഡ്‌വർക്കും ആണെന്ന് തന്നെ പറയാം.

മമ്മൂക്കയെ കുറിച്ച് പറയുമ്പോൾ, ഓരോ കാലഘട്ടത്തിലും ആ കാലഘട്ടത്തിന് വേണ്ട, ആ ജനറേഷന് വേണ്ട സിനിമകൾ നല്കണം എന്ന് ആഗ്രഹിക്കുന്നയാളാണ് അദ്ദേഹം. എന്താണ് നിലനിൽക്കുന്ന കാലഘട്ടത്തിൽ വേണ്ടത് അത് നല്കാൻ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. തനിക്ക് മുൻപിൽ വരുന്ന കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാൻ നൂറല്ല അഞ്ഞൂറ് ശതമാനം പ്രയത്നിക്കുന്ന മമ്മൂക്ക എല്ലാവർക്കും ഒരു മാതൃകയാണ്. ഉരയ്ക്കും തോറും തിളക്കം കൂടുന്ന മാണിക്യമാണ് മമ്മൂക്ക.

ഭ്രമയുഗത്തിലെ സമകാലിക ഇന്ത്യ

രാഷ്ട്രീയം പറയാൻ വേണ്ടി എടുത്ത സിനിമയല്ല ഭ്രമയുഗം. പക്ഷെ ഇന്നത്തെ കാലവുമായി ബന്ധപ്പെടുത്തിക്കാണാൻ പാകത്തിന് തന്നെയാണ് അത് സംഭവിച്ചിരിക്കുന്നത്. എന്ത് തിന്നണം, എന്ത് ഉടുക്കണം, എന്ത് പേരിൽ അറിയപ്പെടണം എന്നൊക്കെ തീരുമാനിക്കേണ്ടത് അധികാരികളാണ് എന്ന വിശ്വസിക്കുന്ന ഒരു പുതുതലമുറ വളർന്നു വരുന്ന കാലഘട്ടത്തിൽ ഭ്രമയുഗം പോലെ ഒരോർമപ്പെടുത്തൽ അനിവാര്യമാണ്. അധികാരത്തിന്റെ കൊമ്പ് ആരുടെ തലയിൽ ഇരുന്നാലും അത് നാടിന് നന്നല്ല. കൊമ്പില്ലാത്ത ഒരാളാണ് നമ്മളെ നയിക്കേണ്ടത്. ഭരിക്കുകയല്ല.. നയിക്കേണ്ടത്. നമ്മളിൽ ഒരാളായി നിന്ന് ഏത് വീഴ്ചയിലും നമുക്ക് വേണ്ടി ഇറങ്ങി നിൽക്കുന്ന കൂടെ നിൽക്കുന്നവരാകണം രാഷ്ട്രീയക്കാർ. പുതിയ തലമുറയെ ഓർമപ്പെടുത്തേണ്ട ഒന്ന് തന്നെയാണ് ഭ്രമയുഗം പറയുന്നത്.

യക്ഷി എന്ന മിത്ത്

അഞ്ച് കള്ളൻ, കോക്കാച്ചി, കുറാലി…. അങ്ങനെ നിരവധി പേരുകൾ ഞങ്ങളെ പേടിപ്പിക്കാൻ ചെറുപ്പത്തിൽ വീട്ടുകാര് പറയുമായിരുന്നു. കുറാലി എന്ന് പറഞ്ഞാൽ കൊടകര പ്രദേശങ്ങളിൽ അലഞ്ഞു തിരിയുന്ന ഭ്രാന്തമാരെ പറയുന്നതാണ്. തൃപ്പുണിത്തുറ പള്ളിപ്പറമ്പ് കാവ് ഭഗവതി ക്ഷേത്രം കടന്ന് വേണം എന്റെ വീട്ടിലേക്ക് പോകാൻ. ആ കാലഘട്ടത്തിൽ അവിടെ ഉണ്ടായിരുന്ന റെയിൽവേ പാളത്തിൽ തലവെച്ചു മരിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. ആത്മഹത്യകളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായിരുന്ന വര്ഷങ്ങളായിരുന്നു അത്. അപ്പോഴൊക്കെ രാത്രി 7 മണി കഴിഞ്ഞാൽ വീട്ടിലേക്ക് പോകുമ്പോൾ ശ്വാസം പിടിച്ച് ഒരൊറ്റ ഓട്ടമായിരുന്നു. കുറെ നാമങ്ങളും ചൊല്ലി കൈ ചുരുട്ടിപ്പിടിച്ചായിരിക്കും ഓട്ടം. നേരെ ചെന്ന് വീട്ടിലെത്തി ദാഹത്തോടെ നിറയെ വെള്ളം എടുത്ത് കുടിക്കും. എല്ലാ മലയാളികൾക്കും ഇത്തരം ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടല്ലേ ഇപ്പോഴും പ്രേത സിനിമകൾക്ക് സ്വീകാര്യതയുണ്ടാകുന്നത്.

ചാത്തൻ്റെ മനയ്ക്കലേക്കുള്ള വഴി

സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് എന്നെ ഭ്രമയുഗത്തിലേക്ക് വിളിക്കുന്നത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ നീളവും വീതിയും വണ്ണവും നോക്കിയാണ് പലരും ആർട്ടിസ്റ്റുകളോട് പെരുമാറുക. എന്നാൽ രാഹുൽ തീർത്തും വ്യത്യസ്തനായിരുന്നു. എല്ലാത്തിലും കൃത്യതയുള്ള അദ്ദേഹം എന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ഇതിൽ എനിക്ക് ചെറിയ വേഷമേ ഉള്ളൂ എന്ന് അറിയാമായിരുന്നു. പക്ഷെ ഇതൊരു ചരിത്രമാകാൻ പോകുന്നുവെന്നും അതിന്റെ ഭാഗമാകണമെന്നും കരുതി തന്നെയാണ് ഈ സിനിമ ചെയ്തത്. യക്ഷിക്ക് പിറകെ നടക്കുമ്പോൾ ഭയവും കാമവും ഭ്രമവുമാണ് വേണ്ടത്. അതൊരു ചലഞ്ചിങ് ആയിരുന്നു. അങ്ങനെ അതിനെ കുറിച്ച് ഞാൻ കൂടുതൽ അന്വേഷിക്കാൻ തുടങ്ങി. നെടുമുടി വേണു ചേട്ടന്റെ ഒരു അഭിനയരംഗം അങ്ങനെ ഞാൻ കണ്ടു. അതിൽ നിന്നും ഒരു ഊർജ്ജ്യം ഉൾക്കൊണ്ടുകൊണ്ട് ഈ വേഷം ചെയ്തു. സിനിമ ഇറങ്ങിയതിന് ശേഷം നിരവധി ആളുകൾ എന്നെ വിളിച്ചു ചെറുതെങ്കിലും വലുതാക്കിയയെന്ന് എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ വിജയിച്ചു.

നായകനല്ല നടനാവണം

എല്ലാ തരം കഥാപാത്രങ്ങളും എനിക്ക് ചെയ്യണം. എന്നാൽ ആവർത്തനമാകരുത് എന്ന് നിർബന്ധമുണ്ട്. കുറേക്കൂടി വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ലഭിക്കണം എന്ന് ആഗ്രഹമുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ സംതൃപ്തനാണ്. പക്ഷെ ഒരു നടൻ എന്ന നിലയിൽ കഥാപാത്രങ്ങളോടുള്ള ഭ്രമം തീർന്നിട്ടില്ല. ഒരു നടനായാൽ അങ്ങനെ വേണം. നായകനൊന്നും ആവണ്ട, കമ്മട്ടിപ്പാടം പോലെ ഒരു സിനിമയുടെ ഗതി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന നടനാകണം. ഒരു കഥാപാത്രം നടനെ വെല്ലുവിളിക്കുമ്പോഴാണ് അത് ചെയ്ത് കാണികാനുള്ള ധൈര്യം ഉണ്ടാകുന്നത്. അപ്പോൾ പുതിയ സിനിമകൾ കാണേണ്ടി വരും, പുസ്തകങ്ങൾ വായിക്കേണ്ടി വരും, അതിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരും. അങ്ങനെ ജീവിതം കൂടുതൽ ചെയ്ത് തീർക്കാനുള്ള കാര്യങ്ങൾ കൊണ്ട് നിറയുമ്പോൾ ഒരു പൂങ്കാവനവും പച്ചപ്പും ഒക്കെ ചുറ്റുമുള്ളത് പോലെ തോന്നും.

രാജീവ് രവി യൂണിവേഴ്‌സ്

രാജീവേട്ടനാണ് എന്നിലെ നടനെ കണ്ടെത്തിയത്. മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പാകത്തിന് എന്നെ പരുവപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. രാജീവ് ഏട്ടന്റെ എല്ലാ സിനിമയിലും ഞാൻ ഉണ്ടാകും, എന്തെങ്കിലും ഒക്കെ ആയിട്ട്. കമ്മട്ടിപ്പാടത്തിന് ശേഷം തുറമുഖത്തിൽ ഞാൻ ഉണ്ടായിരുന്നു. രാജീവേട്ടൻ ക്യാമറ ചെയ്ത മൂത്തോന്റെ ചർച്ചകൾക്കൊപ്പവും ഞാൻ ഉണ്ടായിരുന്നു. കുറ്റവും ശിക്ഷയും എന്ന സിനിമയിൽ ഡേറ്റിന്റെ പ്രശ്നം കാരണം അഭിനയിക്കാൻ കഴിഞ്ഞില്ല. പക്ഷെ സിനിമയ്ക്ക് പിറകിൽ ഉണ്ടായിരുന്നു. രാജീവേട്ടൻ സിനിമ ചെയ്താൽ അതിൽ എന്തെങ്കിലും ഒക്കെ ആയിട്ട് ഞാൻ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News