മണിപ്പുരില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം തടഞ്ഞ് വന്‍ ജനക്കൂട്ടം. മെയ്‌തെയ് സായുധ ഗ്രൂപ്പായ കെ വൈ കെ എല്ലിന്റെ 12 അംഗങ്ങളെ സൈന്യം പിടികൂടിയതിനെ തുടര്‍ന്നാണ് മെയ്‌തെയ് വിഭാഗക്കാര്‍ സൈന്യത്തെ വളഞ്ഞത്.
Also Read: സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയക്കണം എന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം
2015ല്‍ കരസേനയ്‌ക്കെതിരെ ആക്രമണം നടത്തിയ കേസിലെ മുഖ്യആസൂത്രകന്‍ മൊയ്‌റാംഗ് താംബയുള്‍പ്പെടെ ഇംഫാല്‍ ഈസ്റ്റില്‍നിന്ന് ആയുധങ്ങളുമായെത്തിയ മെയ്‌തെയ് സായുധ ഗ്രൂപ്പായ KYKLന്റെ 12 അംഗങ്ങളെയാണ് സൈന്യം പിടികൂടിയത്. എന്നാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരത്തി അഞ്ഞൂറോളം വരുന്ന മെയ്‌തെയ് വിഭാഗക്കാര്‍ സൈന്യത്തെ വളഞ്ഞു. സൈനിക നടപടി മൂലമുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ കൂടുതല്‍ ബലപ്രയോഗത്തിന് മുതിരാതെ സൈന്യം പിന്‍വാങ്ങി. പിടികൂടിയ 12 പേരെയും മോചിപ്പിച്ചു. നടപടിയുടെ ദൃശ്യങ്ങള്‍ കരസേന തന്നെ പുറത്തുവിട്ടു. രാജ്യത്തെ ക്രമസമാധാന നിലയെ കുറിച്ച് ഭീതിയുയര്‍ത്തുന്ന കാര്യങ്ങളാണ് നടക്കുന്നതെന്ന് എ എ റഹിം എംപി വിമര്‍ശിച്ചു.
സിബിഐക്ക് പുറമെ എന്‍ഐഎയും സംസ്ഥാനത്തേക്ക് എത്തുകയാണ്. കഴിഞ്ഞ ബുധനാഴ്ച ബിഷ്ണുപൂരില്‍ കാറിലുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി. അതേ സമയം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയക്കുമോ എന്നതില്‍ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here