സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് കേന്ദ്ര സർക്കാർ അവകാശപെടുമ്പോഴും മണിപ്പൂരിൽ അക്രമങ്ങൾ തുടരുകയാണ്. ഇംഫാൽ വെസ്റ്റിലെ കാന്റോ സബൽ, കൗട്രുക് മലയോര മേഖലകളിൽ വെടിവെപ്പ് ഉണ്ടായി. ഇംഫാൽ വെസ്റ്റ്,ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു.
Also Read: വിഭജനകാലത്ത് ആർഎസ്എസ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തു; വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ
അതേസമയം, കലാപവുമായി ബന്ധപ്പെട്ട 11 കേസുകൾ സി ബി ഐ യുടെ 53 അംഗ സംഘം അന്വേഷിക്കും. രണ്ട് വനിതാ ഡിഐജിമാരടക്കം 29 വനിതാ ഉദ്യോഗസ്ഥരാണ് CBI സംഘത്തിലുള്ളത്. നിലവിൽ ആറ് കേസുകളിൽ സിബിഐ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപെട്ട് 10 കുക്കി എംഎൽഎമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. 10 എംഎൽഎമാരിൽ 8 പേർ ബിജെപി എംഎൽഎ മാരാണ്. 5 മലയോര ജില്ലകൾക്ക് ചീഫ് സെക്രട്ടറി ഡിജിപി എന്നിവർക്ക് തുല്യമായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്ന ആവശ്യവും കുകി സംഘടനകൾ മുന്നോട്ട് വെച്ചു. മണിപ്പൂരിൽ എൻആർസി നടപ്പിലാക്കണമെന്നും പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് മെയ്തെയ് സംഘടനകളുടെ നിലപാട്. അതിനിടെ കുക്കി ജനവാസ കേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ സൗകര്യമൊരുക്കണമെന്ന്ട്രൈബൽ യൂണിറ്റി സദർ ഹിൽസ് എന്ന സംഘടന ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ദേശീയ പാത ഉപരോധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.കേന്ദ്ര സർക്കാരുമായുള്ള തുടർ ചർച്ചകൾക്കായി കുക്കി പ്രതിനിധി സംഘം ദില്ലിയിൽ എത്തുമെന്നും സംഘടന വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here