‘മണിപ്പൂർ’ – രാവുണ്ണിയുടെ കവിത വായിക്കാം

മൗനം ഭജിക്കുന്ന വീറെഴും ചെങ്കോലേ,
ഗോപാലരായുള്ള പുണ്യജന്മങ്ങളേ
ആരവരെന്നറിവീലെ മാന്യരേ?
ആരവങ്ങളുമാരുടേതറിവീലേ?

പെങ്ങളാണവൾ പൊൻമകളാണവൾ,
പെറ്റുപോറ്റിയ സ്നേഹമാതാവവൾ,
അച്ഛനാണവ, നനുജനാണെങ്ങൾ തൻ
പൊന്മകനാകുന്നു തീയിൽപ്പടിഞ്ഞവർ

കൊല നടത്തിയോരാർത്തു ചിരിക്കുന്നു
തിന്നുവീർത്തവരട്ടഹസിക്കുന്നു
അരുതരുതേയെന്ന നിലവിളിക്കുമേൽ
വിജയാരവങ്ങ,ളുന്മാദപ്പുളപ്പുകൾ

അഭിമാനപൂരിതമാകുന്നതില്ലയോ
അന്തരംഗം പഴയ പോലിപ്പൊഴും?
ദേശസ്നേഹത്താൽ തിളക്കുന്നതില്ലയോ
ചോര, മിണ്ടാത്ത ‘നിഷ്പക്ഷ’ മാന്യതേ?

കൺകളുണ്ടായിട്ടുമൊന്നുമേ കാണാതെ
കാതു തുറന്നിട്ടുമൊന്നുമേ കേൾക്കാതെ
വാതിൽ, ജനൽ, മനമെല്ലാമടച്ചിട്ടു
തിന്നും കുടിച്ചും രസിക്കുന്ന കൂട്ടരേ?

നിഷ്പക്ഷമെന്നാലതൊറ്റിക്കൊടുക്കൽ
നിഷ്ക്രിയത്വം മൃതിയേക്കാൾ ഭയാനകം
മൗനത്തിനിന്നു പാപത്തിൻ്റെ ശമ്പളം
സ്വന്തമന്ത്യത്തിൻ്റെ കുഴിവെട്ടുകാർ നിങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News