അസം റൈഫിള്‍സിനെതിരെ കേസെടുത്ത് മണിപ്പൂര്‍ പൊലീസ്, പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമെന്ന് സൈന്യം

മണിപ്പൂര്‍ കലാപം 100 ദിവസത്തിലേക്ക് എത്തുമ്പോള്‍ പ്രശ്നങ്ങള്‍ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോ‍ള്‍ സംസ്ഥാനത്ത് കലാപം അടിച്ചമര്‍ത്താനും സമാധാനം പുനഃസ്ഥാപിക്കാനും പ്രതിജ്ഞാബദ്ധരായ അസം റൈഫിള്‍സും മണിപ്പൂര്‍ പൊലീസും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്.

അസം റൈഫിൾസിന്‍റെ ഒൻപതാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ, കലാപ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിൽ നിന്ന് സംസ്ഥാന പൊലീസ് സേനയുടെ സംഘത്തെ തടഞ്ഞുവെന്നാരോപിച്ച് കേസ് ചാര്‍ജ് ചെയ്തിരിക്കുകയാണ്. ഫൗഗക്‌ചാവോ ഇഖായ് പൊലീസ് സ്‌റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.  ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ പ്രവേശിക്കുന്നത് അസം റൈഫിൾസ് സേനാംഗങ്ങൾ മണിപ്പൂർ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടതാണ് എഫ്‌ഐആർ.

ALSO READ:  മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഭീഷണി ; പ്രതി അറസ്റ്റിൽ

എന്നാല്‍ അര്‍ധ സൈനിക വിഭാഗമായ അസം റൈഫിൾസിനെതിരെ കേസെടുത്തതിനെ വിമർശിച്ച് ഇന്ത്യൻ സൈന്യവും രംഗത്തെത്തി.  വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന അസം റൈഫിൾസിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

‘മണിപ്പൂരിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും വേണ്ടി നിരന്തരമായി ശ്രമിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിന്റെ ഉദ്ദേശ്യം, സമഗ്രത, പങ്ക് എന്നിവ ചോദ്യം ചെയ്യുന്ന തരത്തിൽ ചില ശ്രമങ്ങൾ ഉണ്ടാകുന്നത് നിരാശയുണ്ടാക്കുന്നതാണ്. അതിനാൽ എത്രയും വേഗം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിച്ച് സാധാരണ നിലയിലേക്ക് എത്തിച്ച് അത്തരം എല്ലാ തെറ്റിദ്ധാരണകളെയും ഇല്ലാതാക്കുന്നതായിരിക്കും’ -സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിനകം തന്നെ അസ്ഥിരമായ അന്തരീക്ഷത്തിൽ കൂടുതൽ അക്രമത്തിന് കാരണമാകുന്ന ഏതൊരു ശ്രമവും തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഇന്ത്യൻ ആർമിയും അസം റൈഫിൾസും മണിപ്പൂരിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

ALSO READ: ക‍ഴിയുന്നത് സി ക്ലാസ് ജയിലില്‍, ഈച്ചയും പ്രാണികളും കാരണം ദുരിതം: ഇമ്രാൻ ഖാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here