മണിപ്പൂര്‍ കലാപത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മോദിയുടെ സമീപനം ദൗര്‍ഭാഗ്യകരമെന്നും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപെട്ടെന്ന് ചൂണ്ടികാട്ടി ബിജെപി എംഎല്‍എമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കാണ്മാനില്ല, നിങ്ങള്‍ ഈ മനുഷ്യനെ കണ്ടിരുന്നോ, പേര് നരേന്ദ്രമോദി, ഉയരം അഞ്ചടി ആറിഞ്ച്, നെഞ്ചളവ് അമ്പത്താറ് ഇഞ്ച്, കണ്ണും കാണില്ല, ചെവിയും കേള്‍ക്കില്ല. അവസാനം ഇയാളെ കണ്ടത് മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് റാലിയില്‍. മണിപ്പൂരിലെ ജനങ്ങളുടെ ഈ വാക്കുകള്‍ക്കുള്ളില്‍ കടുത്ത വിയോജിപ്പിന്റെയും കേന്ദ്രത്തിനെതിരായുള്ള പ്രതിഷേധ അഗ്‌നിയുമുണ്ട്. മണിപ്പൂര്‍ കത്തിയമരുമ്പോഴും പ്രധാനമന്ത്രി സമാധാന ആഹ്വാനം പോലും നടത്താതെ വിദേശയാത്ര നടത്തുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. സമാധാനം പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മനുഷ്യരെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കുകയാണെന്നും മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിങ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന് ആവശ്യപെട്ട് 9 ബി ജെ പി എംഎല്‍എമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രധാനമന്ത്രിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ മെയ്തി വിഭാഗം ശ്രമിക്കുന്നുണ്ട്. മോദിയുടെ അമേരിക്കന്‍ പര്യടനത്തിനിടെ വാഷിംഗ്ടണ്ണില്‍ മെയ്തി വിഭാഗം പ്രതിഷേധിക്കുമെന്നാണ് വിവരം. മണിപ്പൂരില്‍ ശക്തമായ മോദി-ബിജെപി വിരുദ്ധ വികാരം ഉയരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here