താമര വാടിയാൽ തീരാവുന്നതേയുള്ളൂ വർത്തമാന ഇന്ത്യയിലെ വർഗ്ഗ വർണ്ണ ജാതി വെറി: മനുഷ്യപക്ഷത്ത് നിന്ന് നോക്കുമ്പോൾ മണിപ്പൂർ

സാന്‍ – 

മനുഷ്യ പക്ഷത്തുനിന്ന് നോക്കുമ്പോൾ മണിപ്പൂരിൽ നടക്കുന്നത് നാളെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നരഹത്യയുടെ ഒരു കരട് രൂപം മാത്രമാണ്. ജാതി സംവരണത്തിന്റെ പേരിലാണ് മണിപ്പൂരിൽ മനുഷ്യർ കൊലചെയ്യപ്പെടുന്നതും സ്ത്രീകളും കുട്ടികളും സംഘപരിവാറിന്റെ കാടത്തങ്ങൾക്ക് ഇരകളാവുന്നതും. രണ്ടു പെൺകുട്ടികളെ ബലാൽസംഗം ചെയ്തു നഗ്നരാക്കി റോഡിലൂടെ നടത്തുന്ന ദൃശ്യങ്ങൾ കാണുമ്പോൾ നമ്മൾ ആദ്യം കരുതുന്നത് ഇത് മറ്റേതോ രാജ്യത്ത് നടക്കുന്ന സംഭവമാണെന്നാണ്. സ്ത്രീകളെ ആൾക്കൂട്ട വിചാരണ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുള്ളത് പുറം രാജ്യങ്ങളിലാണ്. അവിഹിതങ്ങളുടെ പേരിൽ സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലാൻ, നാടുകടത്താൻ അധികാരമുള്ള നിയമങ്ങളുടെ കീഴിലാണ്. പക്ഷേ എങ്ങനെ ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരത്തിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു എന്നുള്ളത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മുൻകൂട്ടി സ്വീകരിച്ച തീരുമാനങ്ങളുടെ പിൻബലം മണിപ്പൂർ കലാപത്തിനുണ്ട് എന്നതിന്റെ തെളിവാണ്. കാരണം മണിപ്പൂരിൽ നടന്ന ക്രൂരതകൾക്ക് പ്രധാനമന്ത്രി ഇതുവരേക്കും കൃത്യമായ ഒരു മറുപടി ജനങ്ങൾക്ക് തന്നിട്ടില്ല.

ALSO READ: എരുമപ്പെട്ടി സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍ കണ്ട് അത്ഭുതപ്പെട്ട് ഉത്തര്‍ പ്രദേശില്‍ നിന്നെത്തിയ ജനപ്രതിനിധി സംഘം

ബി ജെ പിയുടെയോ സംഘപരിവാറിന്റെയോ പ്രതിനിധികളും നേതാക്കളും ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി ഒരു വിലയിരുത്തൽ ഇതുവരെയും നടത്തിയിട്ടില്ല. മണിപ്പൂരിനെ കുറിച്ച് ചോദിക്കുമ്പോൾ തന്നെ കേരളത്തിൽ വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകങ്ങളെ കുറിച്ച് പറഞ്ഞ് കയ്യൊഴിയുകയാണ് പല നേതാക്കളും. ഇന്ന് മണിപ്പൂർ നാളെ മറ്റൊരിടം, ഇന്ന് ജാതിയും വർഗ്ഗവും, നാളെ മതം. ഏകീകൃത സിവിൽ കോഡ് തന്നെ കേരളത്തെ ചുട്ടെരിക്കാനുള്ള തീപ്പന്തം ആയിട്ടാണ് നമ്മൾ കാണേണ്ടത്. ഇന്ത്യയിലാകമാനം യൂണിഫോം സിവിൽകോഡ് നടപ്പിലാക്കണം എന്ന് തീരുമാനിച്ചാൽ അത് തീർച്ചയായും രാജ്യത്തെ വലിയൊരു പ്രതിസന്ധിയിലേക്കാണ് നയിക്കുക.

മനുഷ്യമനസ്സ് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അണുബോംബ് തന്നെയാണ്. അവിടേക്ക് വർഗീയതയുടെയും മതത്തിന്റെയും വിഷവിത്തുകൾ പാകുന്നതോടെ എപ്പോൾ ഇവയെല്ലാം ബ്ലാസ്റ്റ് ചെയ്യണമെന്നുള്ളത് വിത്തെറിയുന്നവർക്ക് തീരുമാനിക്കാൻ കഴിയുന്ന ഒരവസ്ഥ വരും. നമ്മൾ ഓർക്കേണ്ടുന്ന ഒരു കാര്യമുണ്ട് ജാതിയുടെ പേരിലാണ് ഈ വർണവെറി അല്ലെങ്കിൽ വർഗ്ഗ വെറി നടക്കുന്നത്. ഒരു സംസ്ഥാനത്ത് കലാപം നടക്കുമ്പോൾ അവിടെ സ്വീകരിക്കേണ്ട മിനിമം മുൻകരുതലുകളോ അല്ലെങ്കിൽ, ആ കലാപം അവസാനിപ്പിക്കാൻ വേണ്ട നടപടികളോ ഒന്നും ബി ജെ പി സർക്കാർ ഇതുവരെയും സ്വീകരിച്ചിട്ടില്ല. അതിനെക്കാൾ ഏറ്റവും ഭയാനകരമായ കാര്യം, മണിപ്പൂർ പോലീസ് തന്നെ കലാപങ്ങൾക്കു മുൻപിൽ കണ്ണടയ്ക്കുന്നു എന്നുള്ളതാണ്. തെരുവിലൂടെ നഗ്നയാക്കി നടത്തപ്പെട്ട പെൺകുട്ടിയുടെ അമ്മ പറയുന്നുണ്ട്, ഞങ്ങളെ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തത് പൊലീസുകാരാണെന്ന്, ഇതിൽപരം ഒരു തെളിവ് ഇനി ആവശ്യമില്ല. നമ്മൾ ഓർക്കണം കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഓരോ നയങ്ങളും പല സംസ്ഥാനങ്ങളിലും സൃഷ്ടിച്ചിട്ടുള്ളത് വലിയ കലാപങ്ങളും നരഹത്യകളുമാണ്.

ALSO READ: വേഷം മാറിയാലും പിടിവീഴും, എഐ ഫേസ് റിക്കഗ്നിഷന്‍ സോഫ്ട് വെയര്‍ വികസിപ്പിച്ച് കേരള പൊലീസ്

CAA NRC എന്നീ നിയമങ്ങൾ കൊണ്ടുവന്നപ്പോൾ, രാജ്യത്തിന്റെ വിവിധ കോണിലുള്ള കലാലയങ്ങൾ എല്ലാം തന്നെ പ്രക്ഷുബ്ധമായതും, അവിടെവെച്ച് ഒരുപാട് പേർ വേട്ടയാടപ്പെട്ടതും നമ്മൾ നേരിട്ട് കണ്ടറിഞ്ഞതാണ്. ഓരോ സംസ്ഥാനങ്ങളെയും കൃത്യമായി മാർക്ക് ചെയ്ത്, അവിടുത്തെ ക്രമസമാധാനം എങ്ങനെ തകർക്കാം എന്നാണ് കേന്ദ്രസർക്കാർ ചിന്തിക്കുന്നത്. കാശ്മീരിന്റെ സ്വയം ഭരണാധികാരം എടുത്തുമാറ്റിയപ്പോഴും സംഭവിച്ചത് നീതി നിഷേധം തന്നെയാണ്. മതവും മനുഷ്യനും രണ്ടും രണ്ടു തന്നെയാണ്. മനുഷ്യനായി നിന്നുകൊണ്ട് ഒരിക്കലും ഒരു തീവ്ര മതവിശ്വാസിയായിരിക്കാൻ സാധിക്കില്ല. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളെയും വിവിധ വിഷയങ്ങളെ മുൻനിർത്തി തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരിക എന്നുള്ളതാണ് ബി ജെ പി ഗവണ്മെന്റിന്റെ ലക്ഷ്യം. അതിന്റെ ആദ്യപടിയാണ് കർഷക ബില്ലടക്കമുള രാജ്യത്തിന് അനുയോജ്യമല്ലാത്ത നിയമങ്ങൾ.

ബ്രിട്ടീഷ് ഗവൺമെന്റ് കോളനിവൽക്കരണം നടപ്പിലാക്കി ഇന്ത്യൻ ജനതയെ ഒന്നടങ്കം പരസ്പരം തമ്മിലടിപ്പിക്കാൻ പ്രേരിപ്പിച്ചത് പോലെ തന്നെയാണ് കേന്ദ്രസർക്കാരും പെരുമാറുന്നത്, എല്ലാ തീയും കെട്ടടങ്ങുമ്പോൾ ഭരണാധികാരികൾക്ക് നന്നായിട്ട് അറിയാം, കീഴ്പ്പെടുത്തിക്കഴിഞ്ഞാൽ അധികാരം സ്ഥാപിക്കുന്നത് എളുപ്പമാണെന്ന്. അല്ലെങ്കിൽ തന്നെ ജനങ്ങൾക്ക് വേണ്ടാത്ത, ഇതുവരെ ചരിത്രത്തിൽ ഇല്ലാത്ത ചില പ്രത്യേക നിയമങ്ങൾ, ഇന്ത്യൻ മതേതരത്വത്തിന്, വൈവിധ്യത്തിന് കോട്ടം തട്ടുന്ന നിയമങ്ങൾ എങ്ങനെയാണ് ഇവിടെ ഉത്തരവാദിത്തപ്പെട്ട ഒരു സർക്കാർ തന്നെ നടപ്പിലാക്കാൻ ശ്രമിക്കുക. ഇന്ത്യയുടെ സംസ്കാരം ഒരിക്കലും ഒരു മതത്തിലും ഒതുങ്ങി നിൽക്കുന്ന ഒന്നല്ല, എല്ലാ മതങ്ങളും എല്ലാ മനുഷ്യരും ചേർന്ന് തന്നെയാണ് ഇവിടെയുള്ള എല്ലാം സൃഷ്ടിച്ചിട്ടുള്ളത്. അത് ഭരണാധികാരികൾക്ക് അറിയില്ലെങ്കിലും ഇവിടുത്തെ ജനങ്ങൾ എങ്കിലും അറിഞ്ഞിരിക്കണം.

നാളെ ഏകീകൃത സിവിൽ കോഡ് തന്നെ ഇവിടെ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചേക്കാം, അന്ന് ഇപ്പോൾ മണിപ്പൂരിൽ കണ്ടതുപോലെയുള്ള ദൃശ്യങ്ങൾ ഇവിടെയും പകർത്താതിരിക്കാൻ ശ്രമിക്കുക, ജനാധിപത്യം തന്നെയാണ് ഇന്ത്യൻ ജനതയുടെ ആയുധം, അതുമാത്രം പ്രയോഗിക്കുക. കലാപങ്ങൾ നടത്തിയിട്ടും കൊന്നുതള്ളിയിട്ടും നിങ്ങൾ ഒന്നും നേടാൻ പോകുന്നില്ല, ശക്തമായ ഒരു ഭരണഘടന ഉള്ളിടത്തോളം കാലം, ഇന്ത്യ ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം ഇവിടെ ജനങ്ങൾക്ക് വേണ്ട നീതി തന്നെ നടപ്പിലാകുമെന്ന് ഉറച്ചു വിശ്വസിക്കുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനങ്ങൾ ഒന്നടങ്കം അറിഞ്ഞു വോട്ട് ചെയ്താൽ വാടിപ്പോകാനുള്ളതേയുള്ളു വിരിഞ്ഞു നിൽക്കുന്ന ഈ താമരയും അവകൊണ്ട് കെട്ടിപ്പൊക്കിയ ഉറപ്പില്ലാത്ത രാഷ്ട്രീയ അജണ്ടകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News