മണിപ്പൂരിലെ ക്രൈസ്തവ വേട്ട കേരളത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയോ? ആശങ്കയില്‍ ബിജെപി

സംഘപരിവാറിന്റെ വടക്കേ ഇന്ത്യന്‍ ക്രൈസ്തവ വേട്ട പുതിയതല്ല. അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു എന്നാണ് മണിപ്പൂര്‍ നല്‍കുന്ന പാഠം. മണിപ്പൂരില്‍ ഒരാഴ്ചക്കിടെ 56 പേരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും ക്രൈസ്തവ ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു. ജീവന്‍ രക്ഷിക്കാനുള്ള ക്രൈസ്തവരുടെ പലായനം അവിടെ ഇപ്പോഴും തുടരുന്നു.

രാജ്യത്ത് വിശേഷിച്ചും കേരളത്തില്‍ ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് വലിയ നീക്കങ്ങളാണ് സമീപകാലത്ത് സംഘപരിവാര്‍ നടത്തിയത്. മണിപ്പൂരിലെ സംഘപരിവാര്‍ വേട്ട ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും എന്നുറപ്പ്. 41% കൃസ്ത്യന്‍ ജനസംഖ്യയുള്ള മണിപ്പൂരിലെ ബി ജെ പി യുടെ ജയം ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ കൃസ്ത്യാനികളെ ആകര്‍ഷിക്കാന്‍ ബി ജെ പി നേതാക്കള്‍ കളത്തിലിറങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിന് മുന്നിട്ടിറങ്ങി. മോദി ബിഷപ്പുമാരുമായി ദില്ലിയിലും കേരളത്തിലും കൂടിക്കാഴ്ച നടത്തി. സഭാധ്യക്ഷന്മാരെ അധികാര കേന്ദ്രങ്ങളോട് അടുപ്പിച്ച് നിര്‍ത്തി കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ബി ജെ പി പെട്ടിയിലാക്കാനായിരുന്നു സംഘപരിവാര്‍ ശ്രമം. ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിച്ചും മലയാറ്റൂര്‍ മല ചവിട്ടിയും കേരളത്തിലെ ബി ജെ പി നേതാക്കളും ക്രൈസ്തവ വോട്ടുകള്‍ക്കായി വലവിരിച്ചു.

ക്രിസ്ത്യന്‍ വോട്ടിന്റെ പിന്‍ബലത്തില്‍ കേരളത്തില്‍ അധികാരമെന്ന ബി ജെ പി സ്വപ്നത്തിന്റെ കടയക്കലാണ് മണിപ്പൂര്‍ കലാപം കത്തിവച്ചത്. ബിഷപ്പുമാര്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും കെ സി ബി സി അതിക്രമങ്ങളെ അപലപിച്ച് പ്രസ്താവനയിറക്കി. എന്നാല്‍ മെത്രാന്‍ സമിതിയുടെ പ്രസ്താവനകള്‍ക്കും ബിഷപ്പുമാരുടെ മൗനത്തിനും മുകളിലാണ് കേരളത്തിലെ ക്രൈസ്തവരുടെ പൊതുവികാരം.

കേരളത്തിലെ സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ എത്ര മൂടിവച്ചാലും തങ്ങളുടെ സഹോദരങ്ങള്‍ മണിപ്പുരില്‍ ക്രൂരമായി അക്രമിക്കപ്പെടുന്നത് അവര്‍ അറിയുന്നുണ്ട്. ഇതാണ് കേരളത്തിലെ ബി ജെ പി നേതാക്കളെ ഇന്ന് അലട്ടുന്നത്. മണിപ്പൂരിലെ സംഘപരിവാര്‍ കലാപകാരികള്‍ക്ക് നേരെ ശക്തമായ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ ഇനിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ബി ജെ പി എങ്ങനെ കേരളത്തിലെ ക്രൈസ്തവരോട് വിശദീകരിക്കും എന്നാണ് അറിയേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News