കാര്‍ബോറാണ്ടത്തിന്റെ മണിയാറിലുള്ള പ്ലാന്റ് അവരുടെ വൈദ്യുതി ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാനുള്ളതാണെന്നും അവിടെയുള്ളത് ക്യാപിറ്റീവ് പവര്‍ പ്ലാന്റ് ആണെന്നും മന്ത്രി പി രാജീവ്. ഒരു വ്യവസായത്തിന് ആവശ്യമായ വൈദ്യുതി അവരു തന്നെ ഉല്പാദിപ്പിക്കുന്നതാണ് ക്യാപിറ്റീവ് പവര്‍ പ്ലാന്റ്. രമേശ് ചെന്നിത്തലയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമയം കിട്ടാത്തത് കൊണ്ടായിരിക്കാം ആരോപണം ഉന്നയിച്ചതെന്നും രാജീവ് പറഞ്ഞു.
51 ശതമാനം വൈദ്യുതി ഉപയോഗിച്ച ശേഷം ബാക്കി വില്‍ക്കുന്നതും ക്യാപിറ്റീവ് പ്ലാന്റില്‍ നിലവില്‍ വ്യവസ്ഥയുണ്ട്. കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡിന് 17 ശതമാനം വൈദ്യുതി മാത്രമാണ് ഇപ്പോള്‍ മണിയാറില്‍ നിന്ന് ലഭിക്കുന്നത്. പൂര്‍ണമായും വൈദ്യുതി അവര്‍ തന്നെ ഉപയോഗിക്കുന്നു. വെള്ളത്തിനുള്ള റോയല്‍റ്റിയായി കെഎസ്ഇബിക്ക് യൂണിറ്റിന് 62 പൈസ വീതം ലഭിക്കുന്നു.
അത് നമ്മുടെ ലൈന്‍ വഴി കൊണ്ടുപോകുന്നതിന് യൂണിറ്റിന് 74 പൈസ വീതം കിട്ടും. കൂടാതെ 15 പൈസ ഡ്യൂട്ടി ആയി നല്‍കും. ഇത്തരം ക്യാപിറ്റീവ് പ്ലാന്റുകള്‍ക്ക് കാലപരിധി ഇല്ല. ആദ്യത്തെ ക്യാപിറ്റീവ് പവര്‍ പ്ലാന്റാണ് മണിയാറിലേത്. 94 ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ ഇടുക്കി രാജാക്കാട് സ്വകാര്യ കമ്പനിക്ക് ക്യാപിറ്റീവ് പവര്‍ പ്ലാന്റ് അനുവദിച്ചു നല്‍കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ്. ഇവരുടെ വൈദ്യുതി ഉല്‍പ്പാദനം എന്നത് കേരളം ആകെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 0.09 ശതമാനമാണ്. ക്യാപിറ്റീവ് പവര്‍ പ്ലാന്റ് വ്യവസായം നടത്തുന്നതിനുള്ള മുന്നുപാധിയായാണ് കാണുന്നത്. വ്യവസായങ്ങള്‍ കൂടുതല്‍ വരുന്നതിന് ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം. ഇക്കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഇല്ലെന്നും മന്ത്രി രാജീവ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here