സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. നിറഞ്ഞ സദസിലാണ് സിനിമ പ്രദർശനം തുടരുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചുകൊണ്ട് മഞ്ജു വാരിയർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് വൈറലാവുകയാണ്. ട്രെയിലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയൻമാരായ രാജാക്കൻമാരും, ക്രൂരൻമാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നർത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു എന്നും മഞ്ജു കുറിച്ചു.
Also read:‘ആകാശത്തെ സർപ്രൈസ്’; ജോക്കോവിച്ചിനൊപ്പം വിമാനയാത്രാനുഭവം പങ്കുവച്ച് സ്റ്റാലിൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്.
അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയൻമാരായ രാജാക്കൻമാരും, ക്രൂരൻമാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നർത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു. കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണ്. ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here