മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു. ദില്ലി എയിംസിലായിരുന്നു അന്ത്യം.92 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.തുടര്‍ന്ന് അരോഗ്യ നില അതീവ ഗുരുതരമായതോടെ പ്രിയങ്ക ഗാന്ധി അടക്കം ദില്ലി എയിംസിലെത്തിയിരുന്നു.
2004 മുതല്‍ 2014 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം.1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ, യുജിസി ചെയർമാന് എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1947ലെ വിഭജനത്തിന്റെ സമയത്ത് കുടുംബം ഇന്ത്യയിലെ അമൃത്സറിലേക്ക് കുടിയേറി.പഞ്ചാബ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ 1952ൽ ബിരുദവും 1954ൽ മാസ്റ്റർ ബിരുദവും ഒന്നാം റാങ്കിൽ നേടിയ അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here