ഹോര്‍ത്തൂസില്‍ മനോരമ പഞ്ചാംഗത്തിലെ സ്ത്രീ വിരുദ്ധതകള്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ?

മലയാളികളില്‍ സാംസ്‌കാരിക അവബോധം ഉണ്ടാക്കുന്നതിനായി കോഴിക്കോട് മനോരമ ‘ ഹോര്‍ത്തൂസ് ‘ എന്ന പേരില്‍ വലിയ സാംസ്‌കാരികോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. അവിടെ വലിയ പുസ്തകോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. അവിടെ എത്തിയാല്‍ മനോരമയുടെ ഏറ്റവും പുതിയ പഞ്ചാംഗം വാങ്ങിക്കാം. മനോരമ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളുടെ ആഴവും പരപ്പും സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കും. കച്ചവടത്തിനായി പയറ്റുന്ന സ്ത്രീവിരുദ്ധത എത്രകണ്ട് തരംതാഴാമെന്നും മനോരമ കാണിച്ചുതരുന്നു.

മനോരമയുടെ പഞ്ചാംഗം പരിശോധിക്കാം… കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സൂക്ഷ്മ ഗണിത പദ്ധതിയനുസരിച്ച് തയ്യാറാക്കിയതും കാണിപ്പയൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് ഗണിച്ചതുമെന്ന മേല്‍വിലാസത്തോടെയാണ് മനോരമ പഞ്ചാംഗം തയ്യാരാക്കിയിരിക്കുന്നത്. പേജ് 266ല്‍ പറയുന്നതിങ്ങനെ:-

‘വന്ധ്യാ വൃദ്ധാ കൃശാ ബാലാ രോഗിണി പുഷ്പ വര്‍ജിതാ

കര്‍ക്കശാ സ്ഥൂല ദേഹാ ച നാര്യോഷ്ടൗ പരിവര്‍ജയേത്’

നല്ല സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ വന്ധ്യാ, വൃദ്ധ, മെലിഞ്ഞവള്‍, ബാലിക, രോഗമുളളവള്‍, ഋതുകാലം കഴിഞ്ഞ സ്ത്രീ, കര്‍ക്കശ സ്വഭാവമുളള സ്ത്രീ, തടിച്ചവള്‍ എന്നിവരെ ഉപേക്ഷിക്കണം എന്നാണ് മനോരമ പഞ്ചാംഗം പറയുന്നത്. മനോരമ പഞ്ചാംഗത്തിന്റെ മാനദണ്ഡങ്ങള്‍ അവലംബിച്ചാല്‍ കേരളത്തിലെ നല്ലൊരു വിഭാഗം സ്ത്രീകളേയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കേണ്ടിവരും

തീര്‍ന്നില്ല, പേജ് 267ല്‍ നല്ല ശകുനങ്ങള്‍ എന്ന തലക്കെട്ടില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു.

‘മദ്യം, പച്ചയിറച്ചി, മണ്ണ്, ശവവും, കത്തുന്ന തീ, അക്ഷതം, നെയ്യും, ചന്ദനവും, വെളുത്ത കുസുമം, വിപ്രദ്വയം ( രണ്ട് ബ്രാഹ്മണര്‍) കാദളം, വേശ്യാസ്ത്രീ, തയിര്‍, തേന്‍, കരിമ്പു, ഗജവും, തണ്ട്, അശ്വ, രഥം, ഐന്തോളവും, രാജാവും, കയറിട്ട കാള, പശുവും യാത്രാ മുഖേ ശോഭനം’

വേശ്യാസ്ത്രീകളെ കാണുന്നത് നല്ല ലക്ഷണമാണെന്നാണ് ഇതിലൂടെ മനോരമ പഞ്ചാംഗം മുന്നോട്ടുവെയ്ക്കുന്നത്. സ്ത്രീശാക്തീകരണത്തില്‍ കേരളം അതിവേഗം മുന്നോട്ട് പോകുന്നതിനിടെയാണ് രാജ്യത്തെ ഏറ്റവും വലിയ മാധ്യമസ്ഥാപനങ്ങളിലൊന്നായ മനോരമ അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും പ്രചരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News