മനു ഭാക്കര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന പേര് ഒരുപക്ഷെ ഇതാവും. ആരാണ് മനു ഭാക്കര്‍..? മനു ഭാക്കറിനെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമെത്തുന്ന ചിത്രം ഒരുപക്ഷേ, കണ്ണീരണിഞ്ഞ് ടോക്കിയോ ഒളിംപിക്‌സിലെ റൈഫിള്‍ ലാന്‍ഡ് വിട്ടുപോകുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ മുഖമാണ്. ഒളിംപിക്‌സ് വേദിയില്‍ അന്നുവീണ ആ കണ്ണീരിനാണ് വര്‍ഷങ്ങള്‍ക്കു ശേഷം പതറാത്ത മനസ്സുമായി ഒളിംപിക്‌സിന്റെ മറ്റൊരു വേദിയില്‍വെച്ച് മനു പകരം വീട്ടിയത്. 2002ല്‍ ഹരിയാനയിലെ ഗോറിയയിലുള്ള സമ്പന്ന കുടുംബത്തിലാണ് മനു ഭാക്കറിന്റെ ജനനം. ചെറുപ്പം മുതല്‍ മാര്‍ഷല്‍ ആര്‍ട്‌സിനോട് കടുത്ത കമ്പമായിരുന്നു മനുവിന്. അതിനൊപ്പം ഏകാഗ്രതയും ക്ഷമയും ലക്ഷ്യബോധവും കൂടെ ഒത്തുചേര്‍ന്നതോടെ ഒരു ഷൂട്ടര്‍ക്കു വേണ്ട അടിസ്ഥാന യോഗ്യതകള്‍ മനു കരസ്ഥമാക്കി. ഈ അര്‍പ്പണബോധമാണ് ടോക്കിയോവില്‍ വീണ തന്റെ കണ്ണീരിനെ പാരീസിലെ പുഞ്ചിരിയാക്കി മാറ്റുന്നതില്‍ മനുവിനെ സഹായിച്ചിട്ടുണ്ടാകുക.
ALSO READ: എംഎല്‍എയെ കൊലപ്പെടുത്തിയെന്ന കേസ്; അഫ്‌സല്‍ അന്‍സാരി എംപിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി
2017ലെ ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് മനു ഭാക്കര്‍ തന്റെ 15ാം വയസ്സില്‍ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നു തുടങ്ങുന്നത്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ നടന്ന നാഷണല്‍ ഗെയിംസില്‍ ഒന്‍പത് സ്വര്‍ണമെഡലും മനു നേടി. പിന്നീട്, ബ്യൂണസ്‌ഐറിസില്‍ വെച്ചു നടന്ന യൂത്ത് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍പിസ്റ്റണ്‍ മല്‍സരത്തില്‍ സ്വര്‍ണം നേടിയത് കരിയറിലെ വഴിത്തിരിവായി. അന്ന് തന്റെ 16-ാം വയസ്സില്‍ സ്വര്‍ണമണിഞ്ഞ മനു അങ്ങനെ ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയുടെ ആദ്യത്തെ പ്രായംകുറഞ്ഞ താരമായി. തുടര്‍ന്ന് 2019 ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തിലും മനുവിന് തങ്കത്തിളക്കം നേടാനായി. പിന്നീടാണ് 2020 ടോക്കിയോ ഒളിംപിക്സില്‍ താരം മല്‍സരിക്കാനെത്തിയത്. പക്ഷേ, നിരാശയായിരുന്നു ഫലം. മല്‍സരത്തിനിടെ തോക്ക് കേടായത് കൊണ്ട് മനു മത്സരത്തില്‍ നിന്ന് പുറത്തായി. എന്നാല്‍, നാലു വര്‍ഷങ്ങള്‍ക്കിപ്പുറം കഥമാറി. ഒളിംപിക്‌സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോര്‍ഡ് സ്ഥാപിച്ചാണ് മനു ഇക്കുറി നാട്ടിലേക്ക് മടങ്ങുന്നത്, എന്നതിലുണ്ട് ആ പോരാട്ടത്തിന്റെ വീര്യവും സൗന്ദര്യവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here