എപ്പോഴും തനിക്ക് പ്രധാന്യം വേണമെന്ന് ഷെയ്ന്‍, ഏതൊക്കെ സിനിമകള്‍ക്കാണ് ഡേറ്റ് നല്‍കിയത് എന്ന ഓര്‍മ പോലും ശ്രീനാഥിനില്ല; ഗുരുതര ആരോപണങ്ങള്‍

നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും വിലക്കേര്‍പ്പെടുത്തിയ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ നടപടിക്ക് പിന്നാലെ ഇരുവരെയും കുറിച്ചുള്ള ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. മോശം പെരുമാറ്റത്തിന്റെ പേരിലായിരുന്നു ഇരുവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

ഷെയ്ന്‍ നിഗം പുതിയ സിനിമയുടെ ഷൂട്ടിങ് പകുതിയിലെത്തിയപ്പോള്‍ എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തനിക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പരാതിലഭിച്ചിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ശ്രീനാഥ് ഭാസിയാകട്ടെ ഒരേസമയം പലരുടെയും സിനിമയ്ക്ക് ഒരുമിച്ച് ഡേറ്റ് നല്‍കുകയാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാര്‍ തന്നെ കുരുക്കാനാണെന്നാണ് അദ്ദേഹം പറയുന്നതെന്നും അസോസിയേഷന്‍ പറഞ്ഞു.

ശ്രീനാഥ് ഭാസി സമയത്തിന് ഷൂട്ടിങ് സെറ്റിലെത്തില്ല, വിളിച്ചാല്‍ ഫോണെടുക്കുകയില്ല. ശ്രീനാഥ് ഏതെല്ലാം സിനിമകള്‍ക്കാണ് ഡേറ്റ് കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

‘വെയില്‍’ സിനിമയുടെ ചിത്രീകരണസമയത്തുണ്ടായ വിവാദങ്ങള്‍ക്കുശേഷമാണ് ഷെയ്ന്‍ നിഗം അമ്മയില്‍ അംഗമായത്. ശ്രീനാഥ് ഭാസി ഇപ്പോഴും അംഗമല്ല. അംഗമല്ലാത്തവരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് സംഘടനയിലുള്ള മുഴുവന്‍ പേരും പഴികേള്‍ക്കുകയാണെന്നും പത്രസമ്മേളനത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഇനിമുതല്‍ നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍. ചിലര്‍ ഒരിടത്തും അംഗത്വമെടുക്കാതെ സംഘടനയെ വെല്ലുവിളിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News