മണിപ്പൂര്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിജെപി എംഎല്‍എമാര്‍

കലാപം കത്തി നില്‍ക്കുന്ന മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എമാര്‍ രംഗത്ത്. മെയ്‌തേയ് വിഭാഗത്തിലെ ഒമ്പത്‌ എംഎൽഎമാരാണ് ബിരേൻ സിങ്‌ സർക്കാരിനെതിരെ പരസ്യമായി രം​ഗത്തെത്തിയത്. ജനങ്ങൾക്ക്‌ സംസ്ഥാനത്തെ ബിജെപി സഖ്യ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന്‌ ബിജെപിക്കാരായ എട്ടു പേരടക്കം ഒമ്പത്‌ മെയ്‌തേയ് എംഎൽഎമാർ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ നിവേദനം നൽകി.

ഏഴു ബിജെപിക്കാർ ഉൾപ്പെടെ 10 കുകി എംഎൽഎമാർ നേരത്തേ ബിരേൻ സർക്കാരിൽ അവിശ്വാസം പ്രഖ്യാപിച്ചിരുന്നു. അഞ്ചു ദിവസത്തിനകം സംസ്ഥാനത്ത്‌ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന്‌ എൻഡിഎ ഘടകകക്ഷിയായ എൻപിപി മുന്നറിയിപ്പ്‌ നൽകി.

60 അംഗ നിയമസഭയിൽ എൻപിപിക്ക്‌ ഏഴ്‌ അംഗങ്ങളാണ്‌. കഴിഞ്ഞ ദിവസം ദില്ലിയില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിങ്‌, നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയ 29 ബിജെപി എംഎൽഎമാരിൽ ഒരാളായ നിഷികാന്ത്‌ സിങ്‌ സപം വിമതപക്ഷത്തേക്ക്‌ എത്തി.

സംസ്ഥാനത്ത്‌ ക്രമസമാധാനം പൂർണമായും തകർന്നു. നൂറിൽപരം പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. വസ്‌തുവകകൾ വൻതോതിൽ നശിപ്പിക്കപ്പെടുന്നു. ജനങ്ങൾക്ക്‌ സർക്കാരിലും ഭരണസംവിധാനത്തിലും വിശ്വാസം നഷ്ടപ്പെട്ടു. സംസ്ഥാനത്ത്‌ നിയമവാഴ്‌ച പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം–- എംഎൽഎമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

മണിപ്പൂർ കലാപം ദേശീയതലത്തിൽ ബിജെപിയുടെ പ്രതിച്ഛായ തകർത്തെന്ന്‌ നേതാക്കൾക്കിടയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്‌. ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കേണ്ട മിസോറം അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ സാധ്യതകൾക്ക്‌ മങ്ങലേറ്റു. കുകി ഭീകരസംഘടനകളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ, ബിജെപി നേതവ്‌ രാം മാധവ്‌ എന്നിവർ 2017ൽ രഹസ്യചർച്ച നടത്തിയെന്ന വെളിപ്പെടുത്തലും ബിജെപിയെ വിഷമത്തിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News