മഹാരാഷ്ട്രയിൽ കൂടുതൽ നേതാക്കൾ ബിജെപിയെ കൈവിട്ട് എൻ സി പി ശരദ് പവാർ പക്ഷത്തേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ബിജെപിയിൽ നിന്നുള്ള അഞ്ചാമത്തെ കൂറുമാറ്റമാണിത്. മുൻ ബിജെപി എം.എൽ.എ രാജേന്ദ്ര പട്‌നിയുടെ മകൻ ഗായക് പട്‌നിയാണ് ഏറ്റവും ഒടുവിലായി ശരദ് പവാർ പക്ഷത്തേക്ക് ചുവട് മാറിയത്.
ഒരാഴ്ചക്കകം ബിജെപിയിൽ നിന്നുള്ള അഞ്ചാമത്തെ കൂറുമാറ്റമാണിത്. മുൻ മന്ത്രി ഗണേഷ് നായിക്കിന്റെ മകനും മുൻ എംഎൽഎയുമായ സന്ദീപ് നായിക്, മുൻ മന്ത്രി ലക്ഷ്മൺ ധോബാലെ, എന്നിവർക്കു പുറമെ മുൻ ബി.ജെ.പി എം.എൽ.എ രാജേന്ദ്ര പട്‌നിയുടെ മകൻ ഗായക് പട്‌നിയും ബിജെപി വിട്ട് ശരദ് പവാർ പക്ഷം എൻ സി പിയിൽ ചേർന്നു.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായൺ റാണെയുടെ മകൻ നിലേഷ് റാണെ ഷിൻഡെ പക്ഷത്തേക്കും, സിന്ധുദുർഗ് ജില്ലയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് രാജൻ തേലി താക്കറെ പക്ഷത്തേക്കും ചുവട് മാറിയിരുന്നു. ബി.ജെ.പി വിട്ട് എൻസിപിയിൽ ചേർന്ന പട്‌നിയെ കരഞ്ജ ലാഡ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
പാർട്ടി അധ്യക്ഷൻ ശരദ് പവാർ, സംസ്ഥാന പ്രസിഡൻ്റ് ജയന്ത് പാട്ടീൽ, വർക്കിംഗ് പ്രസിഡൻ്റ് സുപ്രിയ സുലെ എന്നിവരുടെ സാന്നിധ്യത്തിലാണ് അനുയായികൾക്കൊപ്പം ഗായക് എൻസിപിയിൽ ചേർന്നത്. വാഷിം ജില്ലയിലെ ബിജെപി നേതാക്കളും കരഞ്ജയിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി അംഗങ്ങളും പട്‌നിക്കൊപ്പം ചേർന്നതോടെ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയായി.
Also read:വിമാനങ്ങള്‍ക്കല്ല ഇത്തവണ ഭീഷണി ഇവര്‍ക്ക്; ആശങ്കയില്‍ ജനങ്ങള്‍
ബിജെപിയോടുള്ള തൻ്റെ അതൃപ്തി ഗായക് പട്‌നി പ്രകടിപ്പിച്ചു. സമാജ്‌വാദി പാർട്ടി യുവജന വിഭാഗമായ സമാജ്‌വാദി യുവജൻ സഭയുടെ സംസ്ഥാന പ്രസിഡൻ്റായിരുന്ന ഫഹദ് അഹമ്മദ് ശരദ് പവാർ പക്ഷം എൻസിപി യിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ അജിത് പവാർ പക്ഷം നേതാവ് സന മാലിക്കിനെതിരെ അനുശക്തി നഗറിൽ നിന്ന് മത്സരിക്കും. മഹാരാഷ്ട്രയിൽ ഒരു പരിവർത്തനം കൊണ്ടുവരാൻ കൈകോർത്ത് പരിശ്രമിക്കാൻ എം വി എ സഖ്യത്തോട് പവാർ ആഹ്വാനം ചെയ്തു. അതോടൊപ്പം എൻ സി പിയുടെ മൂന്നാം പട്ടികയും പുറത്ത് വിട്ടു. ഇതിനകം 76 സ്ഥാനാർത്ഥികളെയാണ് ശരദ് പവാർ നേതൃത്വം നൽകുന്ന പാർട്ടി പ്രഖ്യാപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here