കാസര്‍കോട് മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

theft-manya-kasargode

കാസര്‍കോട് മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയില്‍ തീര്‍ത്ത വിഗ്രഹവും വെള്ളി ദുദ്രാക്ഷമാലയും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. കര്‍ണാടക കസബ ആത്തൂര്‍ സ്വദേശി ഇബ്രാഹിം കലന്തര്‍ എന്ന കെ ഇബ്രാഹിമിനെ(42)യാണ് ബദിയഡുക്ക പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നവംബര്‍ നാലിനു പുലര്‍ച്ചെയാണ് ഭജനമന്ദിരത്തില്‍ കവര്‍ച്ച നടന്നത്.

അന്നുതന്നെ നെല്ലിക്കട്ട ഗുരുദേവ ക്ഷേത്രം, പൊയ്നാച്ചി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും കവര്‍ച്ച നടത്തിയ സംഘത്തിലും ഇബ്രാഹിം കലന്തര്‍ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കാസര്‍കോട് പൊലീസ് സബ് ഡിവിഷനിലെ എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രത്തിലാണ് സമീപകാലത്തെ ആദ്യത്തെ ക്ഷേത്രക്കവര്‍ച്ച നടന്നത്. ഈ കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് മറ്റു മൂന്നിടങ്ങളില്‍ കൂടി കവര്‍ച്ച നടന്നത്. പിന്നീട് കര്‍ണാടക ബണ്ട്വാളിലെ രണ്ട് ക്ഷേത്രങ്ങളില്‍ സമാന രീതിയില്‍ ക്ഷേത്രക്കവര്‍ച്ച നടന്നിരുന്നു.

Read Also: വടകരയില്‍ റിട്ട. പോസ്റ്റ്‌മാനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കാസര്‍കോട്ടെ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാന്‍ ഒരു സംഘം എത്തുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ജാഗ്രത പാലിക്കുന്നതിനിടയിലാണ് ഞായറാഴ്ച വെളുപ്പിന് ഒരു സംഘം നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ദൈഗോളിയില്‍ വച്ച് പൊലീസിന്റെ പിടിയിലായത്.

മംഗ്ളൂരു കൊടിയുള്ളാലിലെ ഫൈസല്‍, തുംകൂര്‍, കച്ചേരി മൊഗല്ലിയിലെ സയ്യിദ് അമാന്‍ എന്നിവരെ കയ്യോടെ പിടികൂടിയെങ്കിലും മറ്റു നാല് പേര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ ഇബ്രാഹിം കലന്തറെന്നു പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മറ്റു മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. സംഘം സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ളവ പിടികൂടി. ദൈഗോളിയില്‍ നിന്നു രക്ഷപ്പെട്ട സംഘമാണ് കഴിഞ്ഞ ഫെബ്രുവരി എട്ടിന് കര്‍ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖ കൊള്ളയടിച്ചത്. അന്ന് അറസ്റ്റിലായ സംഘം പുറത്തിറങ്ങിയ ശേഷമാണ് പുതിയ കവര്‍ച്ചകള്‍ക്ക് ഇറങ്ങിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here