മാവോയിസ്റ്റ് പ്രവർത്തകന്‍ മനോജിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മനോജിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. പ്രതി ഉൾപ്പെട്ട സംഘം കൈകാര്യം ചെയ്ത ആയുധങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് എടിഎസ് കോടതിയെ അറിയിച്ചു. അതേസമയം, പ്രതിയെ മാനസികമായും, ശാരീരികമായും പീഡിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ ആവശ്യം. പ്രതി ഉൾപ്പെട്ട സംഘം കൈകാര്യം ചെയ്ത ആയുധങ്ങൾ കണ്ടെത്തേണ്ടതുണ്ട്, തെളിവെടുപ്പും പൂർത്തിയാക്കണം. കൂടാതെ പ്രതിയുടെ തിരിച്ചറിയൽ നടപടികള്‍ പൂർത്തിയാക്കേണ്ടതുണ്ടെന്നും എടിഎസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ എടിഎസ് തന്നെ കസ്റ്റഡിയിലെടുത്ത ശേഷം ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്ന് മനോജ് കോടതിയില്‍ പറഞ്ഞു. കസ്റ്റഡി അപേക്ഷയില്‍ വാദം കേട്ട കോടതി ,പ്രതിയെ മാനസികമായും, ശാരീരികമായും പീഡിപ്പിക്കരുതെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മനോജിനെ, ഈ മാസം 26 വരെ എടിഎസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച് വ്യാഴാഴ്ച്ചയായിരുന്നു മനോജിനെ എടിഎസ് പിടികൂടിയത്. കണ്ണൂര്‍, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനീദളം എന്ന മാവോയിസ്റ്റ് സംഘടനയില്‍ അംഗമാണ് മനോജെന്ന് എടിഎസ് കണ്ടെത്തിയിരുന്നു. മാവോവാദി പ്രവര്‍ത്തനത്തിന്‍റെ പേരില്‍ വയനാട് ജില്ലാ പൊലീസ് പുറത്തിറക്കിയ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് മനോജ്. വയനാട് മക്കിമലയിലെ കുഴിബോംബ് സ്ഫോടനവുമായും മനോജിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ മനോജ് ഫിലോസഫിയില്‍ എംഎ ബിരുദവും യുജിസി നെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്. എന്നാല്‍ 2023 ഫെബ്രുവരിയോടെ ഇയാള്‍ മാവോവാദി സംഘടനയില്‍ ചേര്‍ന്ന് വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here