വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ അരിമല കോളനിയില്‍ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തുകയും തങ്ങളുടെ ആശയ പ്രചാരണ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയുടെ വീട്ടില്‍ രാത്രി ഒമ്പത് മണിയോടെയാണ് സംഘമെത്തിയത്.
ശശിയുടെ മൊബൈല്‍ ഫോണുമെടുത്ത് കാട്ടിലേക്ക് പോയ മാവോയിസ്റ്റുകള്‍ തങ്ങളുടെ ആശയ പ്രചാരണ ലഘുലേഖകള്‍ പിഡിഎഫ് ആക്കി ശശിയുടെ ഫോണിലുള്ള വിവിധ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. തങ്ങളെത്തിയ കാര്യം പുറത്തു പറയരുതെന്ന് ഇവരെ ഭീഷണിപ്പെടുത്തിയ സംഘം, തിരികെ പോകുമ്പോള്‍ വീട്ടിലെ ചില പലചരക്ക് സാധനങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു.
അതേസമയം മാവോയിസ്റ്റ് സംഘത്തിലെ മൂന്നു പേര്‍ ഉണ്ണിമായ, ചന്ദ്രു, സുന്ദരി എന്നിവരാണെന്ന് സൂചനയുണ്ട്. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം നല്‍കണമെന്നും മറ്റുമാണ് സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മറ്റിയുടെ പേരിലുള്ള ലഘുലേഖയിലുള്ളത്.
പാവപ്പെട്ട ആദിവാസികളെ വഞ്ചിക്കരുതെന്നും ഭരണകൂടത്തിന്റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും തട്ടിപ്പിനെതിരെ ജനങ്ങള്‍,ആദിവാസികള്‍ പോരാടണമെന്നും ലഘുലേഖകളില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here