മറാഠ സംവരണ വിഷയം: പരിഹാരം കാണാനാകാതെ മഹാരാഷ്ട്ര സർക്കാർ

മറാഠ സംവരണ വിഷയത്തിൽ പരിഹാരം കാണാനാകാതെ മഹാരാഷ്ട്ര സർക്കാർ. ജൽനയിൽ പതിനൊന്ന് ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന  മനോജ് ജരാംഗെ പാട്ടീലിന്‍റെ ആരോഗ്യ നില  അനുദിനം വഷളായതോടെ ബന്ധുക്കൾ ആശങ്കയിൽ. നിരാഹാര സമരം  ഉടൻ പരിഹരിച്ചില്ലെങ്കിൽ മഹാരാഷ്ട്ര കത്തുമെന്ന മുന്നറിയിപ്പുമായി  മഹാരാഷ്ട്ര ക്രാന്തി സേന
മറാത്ത സംവരണ വിഷയത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയിലെ  രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചിരിക്കുകയാണ്. മറാഠകൾക്ക് സംവരണം ആവശ്യപ്പെട്ട് സമരസമിതി നേതാവ് മനോജ് ജരാങ്കെ പാട്ടീൽ ജൽനയിൽ നടത്തുന്ന നിരാഹാരസമരം 11 ദിവസം പിന്നിട്ടിരിക്കയാണ്.  ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പാട്ടീൽ.
അതെസമയം, പാട്ടീലിന്‍റെ ആരോഗ്യ നില  അനുദിനം വഷളായതോടെ ബന്ധുക്കളുടെ ആശങ്കയും വർധിച്ചിരിക്കയാണ്.
പാട്ടീലിനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ നടത്തിയ നീക്കങ്ങൾ വിജയിച്ചില്ല. മറാത്താവാഡിലെ ഒരു വിഭാഗത്തിന് ഒ.ബി.സി. ജാതി സർട്ടിഫിക്കറ്റ് നൽകാനുള്ള സർക്കാർ തീരുമാനവും ഫലം കണ്ടില്ല. നിബന്ധനകൾ ഇല്ലാതെ മറാത്താ സമുദായത്തിലെ എല്ലാവരെയും  കുൻബി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് മനോജ് പാട്ടീൽ.
2018-ൽ മറാഠകൾക്ക് സർക്കാർ സംവരണം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കുകയായിരുന്നു. പോയ വാരം ജൽനയിൽ സംവരണാനുകൂലികൾ നടത്തിയ സമരത്തിനുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെയാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയർന്നത്.
മറാത്ത സമുദായത്തിന് സംവരണത്തിനായി  നടത്തുന്ന നിരാഹാര സമരം  ഉടൻ പരിഹരിച്ചില്ലെങ്കിൽ മഹാരാഷ്ട്ര കത്തുമെന്ന് മഹാരാഷ്ട്ര ക്രാന്തി സേനയുടെ സുരേഷ് പാട്ടീൽ മുന്നറിയിപ്പ് നൽകി. നിയമം കൈയിലെടുക്കരുതെന്നും സമാധാനപരമായിരിക്കണം പ്രതിഷേധമെന്നും കഴിഞ്ഞ ദിവസം പാട്ടീൽ അണികളോട് അഭ്യർഥിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News