അദാനി കുഴിയിൽ വീണ് വിപണിയും, പൊതുമേഖല ബാങ്ക് ഓഹരികള്‍ക്കും തിരിച്ചടി

Adani Stock market Down

ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ കോടികളുടെ കൈക്കൂലി കേസ്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതല്‍ താഴ്ന്നു. നിഫ്റ്റി 23,263 വരെ താഴ്ന്നിട്ട് അല്‍പം കയറി.

അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു. പിന്നീടു ചില കമ്പനികള്‍ തിരിച്ചു കയറി. അദാനി എനര്‍ജി സൊലൂഷന്‍ 20 ശതമാനം തകര്‍ച്ച നേരിട്ടു. അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ്.

Also Read: കൈക്കൂലിയിൽ കുടുങ്ങി അദാനി, നടന്നത് 250 മില്യൺ ഡോളറിന്‍റെ തട്ടിപ്പ്; മോദിയുടെ വിശ്വസ്തനെതിരെ അമേരിക്കയിൽ കേസ്

2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു വിപണിയില്‍ ഉണ്ടായ ഇടിവ് ആവര്‍ത്തിക്കുകയാണ്. അദാനിയും അദ്ദേഹത്തിന്‍റെ അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെയുള്ളവർ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ ഡോളറിൽ അധികം (2000 കോടിയലധികം രൂപ) കൈക്കൂലി നൽകിയതെന്നാണ് കുറ്റം. കോഴ നൽകിയ വിവരം യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ന്യൂയോര്‍ക്ക് ബ്രൂക്ക്‌ലിനിലെ കോടതിയില്ലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിചാരണ തീയതിയും മറ്റും തീരുമാനമായില്ല.

അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കു പുറമേ എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്നു വലിയ താഴ്ച ഉണ്ടായി. നിഫ്റ്റി ബാങ്ക് സൂചിക ഇടയ്ക്ക് 49,787 വരെ താഴ്ന്നിട്ട് 50,000 നു മുകളില്‍ തിരിച്ചെത്തി. ഐടി ഒഴികെ എല്ലാ മേഖലകളും താഴ്ചയിലാണ്. മെറ്റലും ഓയില്‍-ഗ്യാസുമാണ് ഏറ്റവും താഴ്ചയില്‍. രൂപ ഇന്നും ദുര്‍ബലമാണ്. ഡോളര്‍ 84.40 രൂപയില്‍ തുടങ്ങിയിട്ട് 84.42 രൂപയിലേക്കു കയറി.

Also Read: ചില്ലിക്കാശ് നികുതിയിനത്തിൽ അടക്കണ്ടാത്ത ഒരു സംസ്ഥാനം; അതും നമ്മുടെ ഇന്ത്യയിൽ പറഞ്ഞാൽ വിശ്വസിക്കുമോ ?

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 69.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോക കോടീശ്വര പട്ടികയില്‍ 22-ാം സ്ഥാനത്താണ് അദാനി. ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണത്തിന് പിന്നാലെ യുഎസിലെ കുറ്റപത്ര വിവാദം അദാനി കമ്പനിക്ക് കനത്ത തിരിച്ചടിയാണ്. എന്നാൽ കേസില്‍ അദാനിക്ക് ഒത്തുതീര്‍പ്പിനു സാധ്യത ഉണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News