വീണ്ടും എതിര്‍ത്ത് കേന്ദ്രം, പൂര്‍ണ്ണനായ പുരുഷനോ പൂര്‍ണ്ണയായ സ്ത്രീയോ ഇല്ലെന്ന് സുപ്രീംകോടതി

സമൂഹത്തില്‍ പൂര്‍ണ്ണനായ പുരുഷനോ പൂര്‍ണ്ണയായ സ്ത്രീയോ ഇല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഡ്. അത് കൂടുതല്‍ സങ്കീര്‍ണ്ണമാണ്. അതുകൊണ്ട് സ്പെഷ്യല്‍ മാരേജ് ആക്ടില്‍ സ്ത്രീയും പുരുഷനും എന്ന് പറയുമ്പോഴും, അത് ലിംഗാടിസ്ഥാനത്തിലുള്ളതല്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിനുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷതയിലുള്ള, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി.എസ് നരസിംഹ എന്നിവരടങ്ങുന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്രത്തിന് വേണ്ടി സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുമാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്.

അതേ സമയം സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിനുള്ള ഹര്‍ജിയെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. സുപ്രീം കോടതി ബുധനാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കേന്ദ്രം എതിര്‍പ്പ് ആവര്‍ത്തിച്ചത്. പുതിയ സാമൂഹിക ബന്ധങ്ങളെ കുറിച്ച് പാര്‍ലമെന്റിനു മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഭരണഘടനാപരമായി സാമൂഹിക ബന്ധങ്ങളെ നിര്‍വചിക്കാന്‍ പാര്‍ലമെന്റിനു മാത്രമാണ് അനുവാദമുള്ളത് എന്ന സാഹചര്യത്തില്‍ അത് കോടതികള്‍ സ്വയം തീരുമാനിക്കേണ്ടതുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചോദിച്ചു. ഈ വിഷയവുമായി കോടതിയിലെത്തിയവര്‍ രാജ്യത്തിന്റെ കാഴ്ചപ്പാടുകളെ പ്രതിനീധീകരിക്കുന്നവരല്ലെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി.

വിഷയത്തില്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് കേസില്‍ ഹര്‍ജിക്കാരുടെ ഭാഗം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. വ്യക്തി വിവാഹ നിയമങ്ങളില്‍ നിന്ന് മാറി സ്‌പെഷ്യല്‍ മാരേജ് ആക്ടിലാണ് കക്ഷികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിക്കാരുടെ വാദം വ്യാഴാഴ്ച വരെ കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

ഇത് വ്യക്തിയുടെ അവകാശത്തിന്റെ പ്രശ്‌നമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷക മേനക ഗുരുസ്വാമി കോടതിയില്‍ ചൂണ്ടിക്കാട്ടി. മുമ്പുള്ള കോടതി ഉത്തരവുകളും സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുന്ന വിധിയും കണക്കിലെടുത്ത് സ്വവര്‍ഗ വിവാഹത്തിനുള്ള അവകാശം അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News