കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. യഹോവ സാക്ഷികളുടെ കൂട്ടായ്മയില്‍ 16 വര്‍ഷത്തിലേറെ അംഗമായിരുന്ന ഡൊമിനിക് മാര്‍ട്ടിന്‍ ആ ആശയങ്ങളോട് പിന്നീടുണ്ടായ എതിര്‍പ്പാണ് ആക്രമണത്തിന് കാരണമെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. 50 അമിട്ടുകള്‍ ശേഖരിച്ച ഇയാള്‍ ബോംബുകള്‍ക്കൊപ്പം പെട്രോളും പ്ലാസ്റ്റിക് കവറിലാക്കി കസേരകള്‍ക്കിടയില്‍ സൂക്ഷിക്കുകയായിരുന്നു.
6 മാസത്തിലേറെ തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഡൊമിനിക് മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം. യു ട്യൂബില്‍ നിന്ന് ബോംബ് നിര്‍മാണം മനസ്സിലാക്കി. 50 അമിട്ടുകള്‍ ഇയാള്‍ ഇതിനായി ശേഖരിച്ചു. പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ച ബോംബിനൊപ്പം പെട്രോളും വയ്ക്കാന്‍ തീരുമാനിച്ചു. ഇന്നലെ പുലര്‍ച്ചെ 5.30 ന് തമ്മനത്തെ തറവാട് വീട്ടിലെത്തിയ ഡൊമിനിക് മാര്‍ട്ടിന്‍ വീടിന്റെ ടെറസില്‍ വെച്ച് ബോംബുകള്‍ നിര്‍മിച്ചു. 7.30 ന് കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലെത്തി ബോംബുകള്‍ കസേരകള്‍ക്കിടയില്‍ വെച്ചു. 4 പേര്‍ മാത്രമാണ് ഈ സമയത്ത് ഹാളില്‍ ഉണ്ടായിരുന്നത്. അവിടെ നിന്നും പോയ ഡൊമിനിക് മാര്‍ട്ടിന്‍ പിന്നീട് തിരിച്ചെത്തിയത് 8.30 ന്. ഈ സമയത്ത് ബാറ്ററികള്‍ ഓണ്‍ ചെയ്തു. ഒന്നര മണിക്കൂര്‍ നേരം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററികളാണ് ഉപയോഗിച്ചത്. സമ്മേളനം തുടങ്ങി പ്രാര്‍ത്ഥന നടക്കുന്നതിനിടെ റിമോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.
Also Read: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വെള്ളത്തില്‍ വീണ് കാണാതായി
നാല് റിമോട്ടുകള്‍ കരുതിയിരുന്നെങ്കിലും 2 എണ്ണം മാത്രമാണ് പ്രവര്‍ത്തിപ്പിച്ചത്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ഇയാളുടെ ഭാര്യാ മാതാവും എത്തിയിരുന്നു. ഇവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബുകള്‍ സ്ഥാപിച്ചത്. സ്‌ഫോടനം നടത്തിയ ശേഷം സ്‌കൂട്ടറില്‍ മടങ്ങിയ ഇയാള്‍ ചാലക്കുടിയിലെത്തി വീഡിയോ ചിത്രീകരിച്ചു. കൊരട്ടിയിലെ ലോഡ്ജില്‍ നിന്ന് വീഡിയോ പോസ്റ്റ് ചെയ്തു. ഇതിനു ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here