ഇന്ന് ഭഗത് സിംഗ് രക്തസാക്ഷി ദിനം

ഇന്ന് ഭഗത് സിംഗ് രക്തസാക്ഷി ദിനം. 23 വയസിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ വിപ്ലവകാരിയിൽ നിന്ന് മഹത്തായ രക്തസാക്ഷിത്വത്തിലേക്ക് ഭഗത് സിംഗ് നടന്നുകയറിയിട്ട് ഇന്നേക്ക് 92 വർഷം. കൂടെ ഇങ്ക്വിലാബ് വിളിച്ച് കഴുമരം ഏറ്റുവാങ്ങിയവർ രാജ്ഗുരുവും സുഖ്ദേവും. ഓർമകൾ മായ്ക്കപ്പെടുന്ന കാലത്ത് അനിവാര്യമായ ഓർമയാവുകയാണ് ഭഗത് സിംഗ്.

ധീര വിപ്ലവകാരിയെ തൊടാൻ തൂക്കുകയർ കാത്തുനിൽക്കുമ്പോൾ ദ റവല്യൂഷനറി ലെനിൻ എന്ന പുസ്തകം മുഴുമിപ്പിക്കുന്ന തിരക്കിലായിരുന്നു ഭഗത് സിംഗ്. അവസാന സന്ദേശം അന്വേഷിച്ചെത്തിയ അഭിഭാഷകൻ മെഹ്തയോട് രണ്ടേ രണ്ട് വാചകം, സാമ്രാജ്യത്വം തുലയട്ടെ, വിപ്ലവം ജയിക്കട്ടെ.

1931 മാർച്ച് 23. രാജ്ഗുരു, സുഖ്ദേവ്, ഭഗത് സിംഗ്- വിപ്ലവയുവത്വത്തിന് പുതുവഴി വെട്ടി രക്തസാക്ഷിത്വം വരിക്കുന്ന ധീരരായ മൂന്ന് വിപ്ലവകാരികൾ കൊലമരം പുൽകുകയാണ്. പുറത്തു തടിച്ചുകൂടിയ മനുഷ്യരെ തളർത്തി കളയാൻ ലാഹോർ ജയിൽ അധികാരികൾ കണ്ടത് ഒരേയൊരു വഴി, 12 മണിക്കൂർ മുന്നേ മൂന്നുപേരെയും കഴുവേറ്റും. രാവിലെ 6 മണിക്ക് പകരം തലേദിവസം വൈകിട്ട് ആറുമണിക്ക്. തൂക്കിക്കൊന്നയുടൻ ജയിലിനുള്ളിൽ നിന്ന് വടക്ക് ദിക്ക് ലക്ഷ്യമാക്കി ഒരു ട്രക്ക് കുതിച്ചു. സാമ്രാജ്യത്വം അവരുടെ മൃതദേഹത്തെ പോലും ഭയന്നിരിക്കണം.

സ്വാതന്ത്ര്യ പ്രാപ്തിക്കൊപ്പം മനുഷ്യ മോചന സ്വപ്നമുണ്ടായിരുന്നു ഭഗത് സിങ്ങിൻ്റെ മനസിൽ. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച് വർക്കേഴ്സ് ആൻഡ് പേസൻ്റ്‌സ് പാർട്ടി കെട്ടിപ്പടുക്കുമ്പോഴും നൗജവാൻ ഭാരത് സഭയിൽ ചേർന്ന് വിപ്ലവ പ്രവർത്തനം തുടരുമ്പോഴും അത് മുറുകെ പിടിച്ചു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ്റെ നേതൃത്വം ആയപ്പോൾ ആ സ്വപ്ന ചുവപ്പിന് കടുപ്പം കൂട്ടി.

ലാലാ ലജ്പത് റായിയുടെ കൊലപാതകിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ജെയിംസ്.എ.സ്കൗട്ടിന് മരണം സമ്മാനിക്കാനായിരുന്നു ആ യുവ സോഷ്യലിസ്റ്റുകളുടെ തീരുമാനം. ഏച്ച്എസ്ആർഎ പ്രവർത്തകരായ രാജ്ഗുരുവും സുഖ്ദേവും ഭഗത് സിംഗും തയാറെടുപ്പുകൾ നടത്തി. കൊല നടത്തിയപ്പോൾ ആളുമാറി. മരിച്ചത് ജോൺ സൗണ്ടേർസ് എന്ന മറ്റൊരു ഉദ്യോഗസ്ഥൻ. ബ്രിട്ടീഷ് സാമ്രാജ്യത്വം സഭ ചേരുന്ന സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബ് എറിഞ്ഞ കേസിലും ഇവരിൽ കുറ്റം ചാർത്തപ്പെട്ടു. ബ്രിട്ടീഷ് ഭരണം തൂക്കുകയർ വിധിച്ചു.

സാമ്രാജ്യത്വത്തിന് മുമ്പിൽ മാപ്പിരന്ന് കരഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ മൂന്നുപേരും ഇനിയും അനവധി വർഷം ജീവിക്കുമായിരുന്നു. പക്ഷേ ഇരുപത്തിമൂന്നും ഇരുപത്തിയൊന്നും വയസ് മാത്രമുള്ള അവർക്ക് ജീവനേക്കാൾ മഹത്തായ ലക്ഷ്യങ്ങളുണ്ടായിരുന്നു മുന്നിൽ.

വര്‍ത്തമാനത്തില്‍നിന്ന് ചരിത്രത്തിലേക്ക് ചൂണ്ടയിട്ട് മഹത്തായ രക്തസാക്ഷികളെ പിടിച്ചെടുക്കാന്‍ നോക്കുന്നുണ്ട് സംഘപരിവാർ അടവുനയം. ഒപ്പം അവർ പുതുക്കാൻ നോക്കുന്ന ചരിത്രത്തിൽ നിന്ന് വിദഗ്ധമായി അതേ രക്തസാക്ഷികളെ തന്നെ പുറന്തള്ളാനും. എന്നാൽ, അവർ ജീവൻകൊണ്ട് രചിച്ച പോരാട്ട ചരിത്രം മനുഷ്യ വംശം ഉള്ള നാൾ വരെയും ഹൃദയങ്ങളിൽ നിന്നുകത്തും. വരുംകാല പോരാട്ട വഴികൾക്ക് വെളിച്ചം കാട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News