ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളിൽ ഒന്നാണ് മാരുതി സുസുകി. ഇരുപത് വർഷം മുൻപ് മാരുതിയുടെ പൊതു ഓഹരി വിൽപ്പനയിൽ (ഐപി ഒ) 12,500 രൂപ മുടക്കി 100 ഓഹരികൾ സ്വന്തമാക്കിയിരുന്നെങ്കിൽ ഇന്ന് അതിന്റെ മൂല്യം 9.33 ലക്ഷം രൂപ ആകുമായിരുന്നു. 20 വർഷംകൊണ്ട് ഓഹരി വില 125 രൂപയിൽനിന്ന് 9,330 രൂപയിലേക്കാണ് കുതിച്ചുയർന്നത്. അതായത് ഏതാണ്ട് 75 മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ സ്വന്തം കാർ കമ്പനിയായ മാരുതി സുസുകിയുടെ ഐപിഒയ്ക്ക് ഈ മാസം 20 വയസ്സ് തികയുകയാണ്.
2003 ജൂണിലായിരുന്നു മാരുതിയുടെ ഓഹരി വിൽപ്പന. 25 ശതമാനം ഓഹരികളാണ് കേന്ദ്ര സർക്കാർ ഐപിഒയിലൂടെ വിൽപ്പനയ്ക്കു വെച്ചത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒവില 115-125 രൂപയായിരുന്നു. ഇന്ത്യൻ കാർ വിപണിയുടെ പകുതിയിലേറെയും കൈയാളുന്ന കമ്പനിയുടെ ഐപിഒയ്ക്ക് 13 മടങ്ങ് അധിക അപേക്ഷകളായിരുന്നു അന്ന് ലഭിച്ചത്.
ഐപിഒ വിജയകരമായി പൂർത്തിയാക്കി 2003 ജൂലൈ മാസത്തിൽ തന്നെ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും എൻ.എസ്.ഇ.യിലും വ്യാപാരം തുടങ്ങിയപ്പോൾ ഐപിഒ വില 165 രൂപയിലെത്തി. പിന്നീട്, ഇന്ത്യൻ കാർ വിപണിയുടെ വളർച്ചയ്ക്കൊപ്പം മാരുതിയുടെ ഓഹരി വിലയും പടിപടിയായി കുതിച്ച് കയറി. 2017 ഡിസംബറിൽ ഓഹരി വില 10,000 രൂപയിലെത്തി റെക്കോഡിട്ടു.
പിന്നീട് ഓഹരി വില നേരിയ തോതിൽ ഇടിഞ്ഞെങ്കിലും വീണ്ടും തിരിച്ചു കയറി. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ബിഎസ്ഇയിൽ 9,330.50 രൂപയാണ് ഓഹരി വില. വിപണിമൂല്യം ഏതാണ്ട് 2.82 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവുമധികം വിപണിമൂല്യമുള്ള കമ്പനികളിലൊന്നാണ് നിലവിൽ മാരുതി സുസുകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here