ഇലക്ട്രിക്ക് വാഹന വിപണി കയ്യടക്കാന്‍ ആറ് വാഹനങ്ങളുമായി മാരുതി സുസൂക്കി

രാജ്യം ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് അടുക്കുമ്പോള്‍ ഉപഭോക്താക്കളെ തങ്ങളുടെ വരുതിയിലാക്കാന്‍ മാരുതി സുസൂക്കി തയ്യാറെടുക്കുന്നു. രാജ്യത്ത് ആറ് ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. നിലവില്‍ ഇലക്ട്രിക്ക് വാഹന വിപണിയില്‍ ബഹുദൂരം മുന്നിലുള്ള ടാറ്റ മോട്ടോ‍ഴ്സിന് മാരുതിയുടെ വാഹനങ്ങള്‍ വെല്ലുവിളിയാകുമോയെന്ന് കണ്ടറിയണം. നിലവില്‍ പെട്രോള്‍ ഡീസല്‍ ഹാച്ച് ബാക്ക് വിപണിയില്‍ വളരെ മുന്നിലാണ് മാരുതി. മൈലേജും മെയിന്‍റനെന്‍സ് നിരക്കിലെ കുറവും തന്നെയാണ് മാരുതി വാഹനങ്ങളെ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

2030 ആകുമ്പോഴേക്കും ആറ് ഇലക്ട്രിക് വാഹനങ്ങളെ പുറത്തിറക്കാനാണ് മാരുതിയുടെ പദ്ധതി. ഈ ശ്രേണിയിലെ ആദ്യ വാഹനം 2024 സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇവി.എക്‌സിന്റെ പ്രൊഡക്ഷൻ മോഡലായിരിക്കും ഇത്. സൂസൂക്കി മോട്ടോർ കോർപ്പറേഷൻ പുറത്തിറക്കിയ ഫ്യൂച്ചർ പ്ലാനിങ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ഇലക്ട്രിക് കൺസെപ്റ്റ് മോഡലായ ഇവി.എക്‌സിനെ അവതരിപ്പിച്ചത്.

മാരുതി ഇവി വരുന്ന വാര്‍ത്തകള്‍ വന്നതോടെ വാഹനത്തിന്‍റെ മൈലേജ് റെയിഞ്ച് തന്നെയാണ് വാഹനപ്രേമികള്‍ ഉറ്റ് നേക്കുന്നത്. 2030 ആകുന്നതോടെ ഇന്ത്യൻ നിരത്തുകളിൽ 15 ശതമാനം വൈദ്യുത വാഹനങ്ങളും നാലിലൊന്ന് ഹൈബ്രിഡ് വാഹനങ്ങളും കയ്യടക്കുമെന്നാണ് മാരുതി സുസൂക്കി കണക്കു കൂട്ടുന്നത്. ഇക്കാലത്തിനുള്ളിൽ പുതിയ ആറ് ഇലക്ട്രിക് വാഹനങ്ങളളെ നിരത്തിലിറക്കി വിപണി പിടിക്കാനാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കൊപ്പം കാർബൺ ന്യൂട്രൽ വാഹനങ്ങളും ഐ.സി.ഇ വാഹനങ്ങളും കമ്പനി പുറത്തിറക്കും. സി.എൻ.ജി, ബയോഗ്യാസ്, എഥനോൾ മിശ്രിതം എന്നിവ ഉപയോഗിച്ചാവും ഈ വാഹനങ്ങൾ പ്രവർത്തിക്കുക. 2050 ഓടെ യൂറോപ്പിലും ജപ്പാനിലും കാർബൺ ന്യൂട്രാലിറ്റി നേടാനുള്ള പദ്ധതികളും കമ്പനി രൂപീകരിക്കുന്നുണ്ട്.

ഇലക്ട്രിക് വാഹന വിപണിയിൽ മറ്റു കമ്പനികൾ കൂടിയ മോഡലുകൾ നിർമിക്കുമ്പോൾ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് ചെറു ഇലക്ട്രിക് കാറുകൾ ഇറക്കാനാണ് മാരുതിയുടെ പദ്ധതി. ചെറുകാറുകൾ കൂടുതൽ വിറ്റ് ലാഭം നേടുകയെന്ന തന്ത്രം ഇ.വിയിലും പയറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News