ഗുജറാത്തില്‍ കൂട്ട മതം മാറ്റം

ഗുജറാത്തില്‍ അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14 ന് കൂട്ട മതം മാറ്റത്തിനൊരുങ്ങി ദളിത് സംഘടന. സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ നിന്നുള്ള 50,000 ദളിതര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുമെന്ന് ദലിത് സംഘടനയായ സ്വയം സൈനിക് ദള്‍ അറിയിച്ചു. തലസ്ഥാനമായ ഗാന്ധിനഗറിലാണ് ചടങ്ങ് സംഘടിപ്പിക്കുകയെന്ന് മൂക്‌നായക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

മതപരിവര്‍ത്തനത്തിനായി 15,000ത്തോളം പേര്‍ അതാത് ജില്ലാ കലക്ടര്‍മാരുടെ ഓഫിസുകളില്‍ ഇതിനകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. അപേക്ഷകര്‍ പ്രലോഭനമോ പ്രകോപനമോ കൂടാതെ സ്വമേധയാ മതപരിവര്‍ത്തനം തെരഞ്ഞെടുക്കുന്നതാണെന്ന് ഉറപ്പാക്കാന്‍ പൊലീസ് വെരിഫിക്കേഷന്‍ പുരോഗമിക്കുകയാണ്. തുടര്‍ന്ന് മതംമാറുന്നവരുടെ വിശദാംശങ്ങള്‍ സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

ഗാന്ധി ഗ്രൗണ്ടിലെ രാമകഥാ മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ദുംഗര്‍പൂരില്‍നിന്നുള്ള ആദിവാസി കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

2006ല്‍ രാജ്കോട്ടില്‍ 50 ദളിത്ത് സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്വയം സൈനിക് ദള്‍ എന്ന സന്നദ്ധ സംഘടനയാണ് ബഹുജന ദീക്ഷ ചടങ്ങിന് നേതൃത്വം നല്‍കുന്നത്. പോര്‍ബന്തറിലെ അശോക ബുദ്ധ വിഹാറിലെ ബുദ്ധ പുരോഹിതന്‍ പ്രജ്ഞാ രത്ന ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ദീക്ഷ നല്‍കും. 2028ഓടെ ദളിത് വിഭാഗങ്ങളില്‍ നിന്ന് ഒരുകോടി പേര്‍ ബുദ്ധമതം സ്വീകരിക്കുമെന്നാണ് എസ്എസ്ഡിയുടെ അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News