കെനിയ: മതപുരോഹിതന്‍റെ വാക്ക് കേട്ട് ദൈവത്തിനെ കാണാന്‍ കെനിയയിൽ പട്ടിണി കിടന്ന് കുട്ടികളും സ്ത്രീകളും അടക്കം നിരവധിപ്പേര്‍ മരണപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മൃതദേഹങ്ങളില്‍ പല അവയവങ്ങളും കാണുന്നില്ലെന്നാണ് ഓട്ടോപ്സി റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടിരിക്കുന്നത്.
അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ നേരത്തെ തന്നെ നീക്കം ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് അവയവ കടത്തിലേക്ക് വിരൽ ചൂണ്ടുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
തീരനഗരമായ മാലിന്ദിയിലാണ് കുട്ടികളും സ്ത്രീകളും അടക്കം നിരവധിപ്പേരുടെ ശവശരീരങ്ങൾ കണ്ടെത്തിയത്. യേശുവിനെ കാണാൻ വേണ്ടി പട്ടിണി കിടന്നാൽ മതി എന്ന മതപുരോഹിതന്റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരായിരുന്നു ഇവരിലേറെയും. കുറച്ച് പേരെ പൊലീസ് മരിക്കും മുമ്പ് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. സ്വയം പുരോഹിതനായി അവകാശപ്പെടുന്ന പോൾ മക്കൻസിയുടെ നിർദ്ദേശ പ്രകാരമാണ് കാട്ടിൽ ആളുകൾ സ്വർഗത്തിൽ പോവാനും ദൈവത്തിനെ കാണാനും വേണ്ടി പട്ടിണി കിടന്നത്.
എന്നാൽ, പട്ടിണി കിടന്നുകൊണ്ടുള്ള മരണം മാത്രമല്ല സംഭവിച്ചത്. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും അടിച്ചും കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട് എന്നാണ് പറയുന്നത്. തിങ്കളാഴ്ച സമർപ്പിച്ച കോടതി രേഖകളിൽ പറയുന്നത് പലരുടെയും അവയവങ്ങൾ നേരത്തെ തന്നെ ശസ്ത്രക്രിയ ചെയ്ത് നിർബന്ധപൂർവം എടുത്തിട്ടുണ്ട് എന്നാണ്. ഇതാണ് അവയവക്കടത്ത് സംശയിക്കാൻ കാരണമായി തീർന്നത്.
ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെട്ട ഒരു ഉന്നത ടെലിവാഞ്ചലിസ്റ്റ് എസെക്കിയേൽ ഒഡെറോയുടെ അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും മക്കൻസിയുടെ അനുയായികളിൽ നിന്നും ഇയാൾക്ക് വലിയ തുകകൾ ലഭിച്ചിരുന്നതായും പറയുന്നു. ഈ അനുയായികൾ തങ്ങളുടെ സ്വത്തുക്കൾ ലേലത്തിലൂടെ വിറ്റിരുന്നു. എസെക്കിയേൽ ഒഡെറോയ്ക്ക് വ്യാഴാഴ്ച ജാമ്യം ലഭിച്ചു. ഇയാളുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here