വയനാട് ദുരന്തമേഖലയിൽ കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി നാളെ ജനകീയ തിരച്ചിൽ

Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ 11 മണി വരെ ജനകീയ തിരച്ചില്‍ നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലില്‍ പങ്കാളികളാവും.

രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

Also Read; ദുരന്തത്തിൽ കൈത്താങ്ങായ സൈന്യത്തിന് വയനാടിന്റെ ബിഗ് സല്യൂട്ട്; ദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുകയായി

നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരുടെ അടിയന്തര പുനരധിവാസത്തിനായി 27 പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്‌സുകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ക്വാര്‍ട്ടേഴ്‌സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉള്‍പ്പെടെ നൂറോളം കെട്ടിടങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇവയുടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

ദുരന്തമേഖലകളിലെ രക്ഷാ- തിരച്ചില്‍ ദൗത്യത്തിനു ശേഷം മടങ്ങുന്ന സൈനികര്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പാണ് വ്യാഴാഴ്ച നല്‍കിയത്. ഡൗണ്‍സ്ട്രീം തിരച്ചിലിനായുള്ള ടീം ഉള്‍പ്പെടെ 36 അംഗ സൈനിക സംഘം വയനാട്ടില്‍ തുടരും. ദുരന്തമേഖലയില്‍ എത്തിയതു മുതല്‍ മറ്റ് ദൗത്യ സംഘങ്ങള്‍ക്കൊപ്പം വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സൈനികര്‍ നടത്തിയത്. അവര്‍ക്കുവേണ്ട എല്ലാ പിന്തുണയും നമുക്ക് നല്‍കാന്‍ സാധിച്ചു. സര്‍ക്കാരില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയിലും സ്‌നേഹത്തിലും ഏറെ സന്തുഷ്ടരായാണ് സൈനികര്‍ തിരികെ പോയത്. രക്ഷാ – തിരച്ചിൽ ദൗത്യങ്ങളില്‍ ഒറ്റ മനസ്സും ശരീരവുമായി പ്രവര്‍ത്തിച്ച സൈനികരുള്‍പ്പെടെയുള്ള എല്ലാവരെയും കേരള ജനതയ്ക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. സണ്‍റൈസ് വാലി ഉള്‍പ്പെടെയുള്ള മേഖലകളില്‍ തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

Also Read; ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താനെതിരെ പൊലീസ് കേസ്

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഇതിനകം നാലായിരത്തിലേറെ കൗണ്‍സലിംഗ് സെഷനുകള്‍ നല്‍കാനായി. വ്യാഴാഴ്ച മാത്രം 368 പേര്‍ക്കാണ് കൗണ്‍സലിംഗ് നല്‍കിയത്. വരുംദിവസങ്ങള്‍ കൗണ്‍സലിംഗ് നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ക്യാമ്പുകളിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള കളിപ്പാട്ടങ്ങളും വായനാ പുസ്തകങ്ങളും വിദ്യാര്‍ഥികള്‍ക്കുള്ള പഠന സാമഗ്രികളും ഉള്‍പ്പടെ എത്തിച്ചുനല്‍കാനായതായും മന്ത്രി അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീയുംപങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News