മാസപ്പടി വിവാദമെന്ന ‘ചീട്ടുകൊട്ടാരം’: ടി വീണ നികുതിയടച്ച രേഖയില്‍ കു‍ഴങ്ങി മാത്യുവും മാധ്യമ ജഡ്ജികളും

ടി വീണയുടെ എക്സാലോജിക് എന്ന കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ ഉയർത്തിയ ആരോപണം വസ്തുതകള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. സിഎംആർഎൽ കമ്പനിക്ക് കൊടുത്ത സാങ്കേതിക സഹായത്തിന് ലഭിച്ച പ്രതിഫലത്തിന് വീണ ഐജിഎസ്‌ടി അടച്ചതായി ജിഎസ്‌ടി കമ്മിഷണർ ധനമന്ത്രിക്ക്‌ റിപ്പോർട്ട്‌ നൽകി.

വീണയുടെ സേവനത്തിന് കമ്പനി പണം നൽകി, ആ തുകയ്ക്ക് തത്തുല്യമായ നികുതി ജിഎസ്‌ടി വകുപ്പിന് വീണ നൽകുകയും ചെയ്തുവെന്നാണ് നികുതി വകുപ്പിന്‍റെ റിപ്പോര്‍ട്ട്. നികുതിയടച്ച തുകയെ മാസപ്പടിയെന്നോ കൈകൂലിെയന്നോ പറയാന്‍ കഴിയില്ല. ഇതോടെ സേവനം നൽകാതെയാണ് വീണ പണം കൈപ്പറ്റിയത് എന്ന വാദം ഇനി നിലനില്‍ക്കില്ല.

ടി വീണയുടെ  കമ്പനി പ്രതിഫലമായി വാങ്ങിയ 1.72 കോടി രൂപയ്‌ക്ക്‌ ജിഎസ്‌ടി അടച്ചിട്ടില്ലെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ ആരോപണം. ബംഗളുരുവിൽ രജിസ്റ്റർ ചെയ്‌തതാണ്‌ എക്‌സാലോജിക്‌ സൊല്യൂഷൻ എന്ന ഐ ടി കമ്പനി. കേരളത്തിലും കർണാടകത്തിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ്‌ ജിഎസ്‌ടി കമ്മിഷണർ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. ഐജിഎസ്‌ടി അടച്ചതിന്‍റെ രേഖകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ആദായനികുതി വകുപ്പിന്‍റെ ഇന്‍ററിം സെറ്റിൽമെന്‍റ്  ബോർഡിന്‍റെ ഉത്തരവിലാണ്‌ വീണ 1.72 കോടി രൂപ കൈപ്പറ്റിയതായി പറഞ്ഞത്‌. ഇത്‌ ഏറ്റുപിടിച്ച കുഴൽനാടനും പ്രതിപക്ഷവും  ടി വീണയ്ക്കുള്ള മാസപ്പടിയാണിതെന്ന് വ്യാഖ്യാനിച്ച്‌ വിവാദമാക്കാൻ ശ്രമിച്ചു. അതിനിടെ ഐജിഎസ്‌ടി അടച്ചോയെന്ന ചോദ്യത്തിന്‌ വിവരാവകാശപ്രകാരം മറുപടി നൽകിയില്ലെന്ന വാദവും മാത്യു കുഴൽനാടൻ ഉയർത്തി.

ALSO READ: ‘മാത്യു കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം’, ചികിത്സ കോൺഗ്രസ് നൽകണം, വേണമെങ്കിൽ കാശ് ഡി വൈ എഫ് ഐ നൽകാം; എ എ റഹീം എം പി

വിവരാവകാശ നിയമം 2005 പ്രകാരം ഒരു വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്നതോ പൊതുതാൽപര്യമില്ലാത്തതോ ആയ വിവരങ്ങൾ  നൽകാൻ കഴിയില്ല. ഇത് അഭിഭാഷകനായ മാത്യു കുഴൽനാടനും, മാധ്യമങ്ങൾക്കും അറിയാം . എന്നാൽ ഈ കാര്യം പൊതുസമൂഹത്തോട് പറയാതെ ജിഎസ്‌ടി വകുപ്പ് വിവരവകാശ നിയമപ്രകാരം വീണയുടെ കമ്പനിയുടെ വിശദാംശങ്ങൾ നൽകുന്നില്ല എന്ന പച്ചകളളം പ്രചരിപ്പിക്കുകയായിരുന്നു.

കർണാടകയിൽ രജിസ്‌ടര്‍ ചെയ്ത എക്സാലോജിക്ക് നിയമപ്രകാരമുളള നികുതി അടച്ചുവോ എന്ന കാര്യം കർണാടക ധനകാര്യ വകുപ്പിന് അറിയാവുന്നതാണ്. കോൺഗ്രസ് ഭരിക്കുന്ന ധനവകുപ്പ് കയ്യില്‍ ഉള്ളപ്പോള്‍ ഇതേ വിശദാംശം തേടി കേരള ധനകാര്യമന്ത്രിക്ക് കുഴൽനാടൻ പരാതി നൽകിയത് ആശയകുഴുപ്പം ഉണ്ടാക്കാനായിരുന്നുവെന്ന് സാമാന്യയുക്തിയില്‍ മനസിലാക്കാം .

വ്യാജം പൊളിഞ്ഞ സാഹചര്യത്തില്‍  മാത്യു കുഴൽനാടന് എന്ത് പറയാനുണ്ടെന്ന് പൊതുസമൂഹം ഉറ്റുനോക്കുകയാണ്. മാപ്പ് പറയണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍  പഠിച്ചിട്ട് പ്രതികരിക്കാം, മാപ്പ് സിപിഐഎം ആവശ്യപ്പെടട്ടെ, രേഖ പഠിക്കട്ടെ എന്നൊക്കെ പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയാണ്.  വ്യാജ പ്രചാരണമാണെന്ന് തെളിഞ്ഞതോടെ കു‍ഴല്‍മാടന്‍ മാപ്പ് പറയണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ പല കോണുകളില്‍ നിന്ന് ആവശ്യമുയരുകയാണ്.

മാത്യുവിന്‍റെ എലിപോലുള്ള വ്യാജ ആരോപണത്തെ മലപോലെ പെരുപ്പിച്ച മാധ്യമങ്ങളുടെ ഒരനക്കവുമില്ല. അന്തിച്ചര്‍ച്ചകളിലെ ന്യായാധിപര്‍ വീണയോട് മാപ്പ് പറയുമോ എന്ന ചോദ്യങ്ങളും ഇതിനോടകം ഉയര്‍ന്നു ക‍ഴിഞ്ഞു.

കമലാ ഇന്‍റര്‍നാഷണൽ പോലെ , അന്തരീക്ഷത്തിൽ ആവിയായി പോയ മറ്റൊരു പുകമറയായി മാറുകയാണ് മാസപടി എന്ന് മാധ്യമങ്ങൾ പേരിട്ടുവിളിച്ച ഒരു ഇല്ലാക്കഥ.

ALSO READ: കോണ്‍ഗ്രസ് ഭരണസമിതി വെട്ടിച്ചത് കോടികള്‍: മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ തെളിവുകള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News