മാത്യു കുഴൽനാടന്റെ ഭൂമിയിലെ റീ സർവേ റിപ്പോർട്ട് ഇന്ന് തഹസിൽദാർക്ക് നൽകും

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്  മാത്യു കുഴൽനാടൻ എം എൽ എയുടെ ഭൂമിയിലെ റീ സർവേയുടെ റിപ്പോർട്ട് ഇന്ന് തഹസിൽദാർക്ക് നൽകും. എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗത്തിന്‍റെ റിപ്പോർട്ടാണ് ഇന്ന് തഹസിൽദാർക്ക് കൈമാറുക. കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ ആയിരുന്നു പരിശോധന. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, അങ്ങനെയെങ്കിൽ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോർട്ട് ആണ് തഹസിൽദാർക്ക് നൽകുക. മാത്യു കുഴൽ നാടനെ സംബന്ധിച്ച് ഈ റിപ്പോർട്ട് നിർണായകമാണ്.

also read:മണിപ്പൂരില്‍ സിബിഐ അന്വേഷണം തുടരുന്നു

അതേസമയം സ്ഥലത്ത് 4 മാസം മുൻപ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദമായതോടെയാണ് റവന്യു സർവെ വിഭാഗം റീ സർവ്വേ നടത്തിയത്. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടിലേക്ക് വാഹനം കയറാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളും താലൂക്ക് സർവേ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചു.

അതിനിടെ അഡ്വക്കേറ്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ മാത്യു കുഴല്‍നാടനോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്യു കുഴല്‍നാടന്‍ ഒരേസമയം അഭിഭാഷക ജോലിയും റിസോര്‍ട്ട് ബിസിനസും നടത്തുന്നത് അഡ്വക്കേറ്റ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ. സി കെ സജീവാണ് പരാതി നല്‍കിയത്.

also read:ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നോഅ ലൈൽസ്
എന്റോള്‍ ചെയ്ത അഭിഭാഷകന്‍ ഇത്തരത്തില്‍ ബിസിനസ് ചെയ്യരുതെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 47-ാംചട്ടം പറയുന്നത്. തനിച്ചോ മറ്റ് വ്യക്തികളുമായി ചേര്‍ന്നോ ബിസിനസ് നടത്തുന്നതും ചട്ടവിരുദ്ധമാണ്. അഡ്വ. മാത്യു കുഴല്‍നാടന്‍, ടോം സാബു, ടോണി സാബു എന്നിവര്‍ക്ക് കപ്പിത്താന്‍സ് ബംഗ്ലാവ് എന്ന പേരിലുള്ള റിസോര്‍ട്ടിന് ചിന്നക്കനാല്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. ലൈസന്‍സ് അപേക്ഷ നല്‍കിയത് പാര്‍ട്ണര്‍ഷിപ് സ്ഥാപനമല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here