സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ സര്‍ക്കാര്‍ ഓഫീസ് എന്ന ബഹുമതി നേടിയിരിക്കുകയാണ് മാവേലിക്കര സബ് ആര്‍ടി ഓഫീസ്. ഈ പുരസ്‌കാരം നേടിയതിനുള്ള കാരണങ്ങളെ കുറിച്ച് അറിയാം.
കഴിഞ്ഞ കാലങ്ങളിലായി മാവേലിക്കര സബ് ആര്‍ടി ഓഫീസ് നടത്തിയ ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സര്‍ക്കാര്‍ ഓഫീസ് എന്ന പദവി തേടിയെത്തിയത്. ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവ് മാസ്റ്റര്‍ മുഹമ്മദ് യാസീന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മാവേലിക്കര സബ് RT ഓഫീസിന്റെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനില്‍ ദേശീയ പതാക ഉയര്‍ത്തിയത് മുഹമ്മദ് യാസീന്‍ ആയിരുന്നു. അന്നേ ദിവസം മുഹമ്മദ് യാസീന്‍ കീ ബോര്‍ഡില്‍ തീര്‍ത്ത സംഗീത വിരുന്ന് ഏറെ ഹൃദ്യമായിരുന്നു. ഒട്ടനവധി ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങളാണ് ഓഫീസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. അനവധി ഭിന്നശേഷി വ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു കൊണ്ടുവരാന്‍ ഓഫീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് തൃശൂരില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് അവാർഡ് സമ്മാനിച്ചത്. ഭിന്നശേഷി സൗഹൃദപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഉള്ള സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഭിന്നശേഷി ഗണത്തിലുള്ള പ്രതിഭകള്‍ പങ്കെടുത്ത വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
മാവേലിക്കര സബ് RT ഓഫീസിന്റെ ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ വച്ച് മന്ത്രി പ്രശംസിച്ചിരുന്നു. ഭിന്നശേഷി വ്യക്തികളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന രീതിയിലുള്ള ഒട്ടനവധി കലാപ്രകടനങ്ങളും വേദിയില്‍ നടന്നു. പ്രശസ്തി പത്രവും ശില്പവും ഇരുപത്തി അയ്യായിരം രൂപയും അടങ്ങുന്ന പുരസ്‌കാരമാണ് മാവേലിക്കര ജോയിന്റ് ആര്‍ ടി ഒ എം ജി മനോജ് , മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ് കെ എസ്. ,അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജു പി ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here