തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ, സംസ്ഥാന സർക്കാരിന്റെ അംഗീകാരം : മേയർ ആര്യ രാജേന്ദ്രൻ

1971-നു ശേഷം, തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ലഭ്യമായിരിക്കുന്നുവെന്ന് മേയർ ആര്യ രാജേന്ദ്രൻ.തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040 ന് സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ , തിരുവനന്തപുരം നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് 04-07-2024-ലെ സർക്കാർ ഉത്തരവ് പ്രകാരം അന്തിമ അനുമതി ലഭ്യമായിരിക്കുന്നത് മേയർ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുൻപ്, 1993, 2013 വർഷങ്ങളിൽ നഗരത്തിനായി കരട് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയെങ്കിലും, അംഗീകൃത മാസ്റ്റർപ്ലാനായി അവയൊന്നും രൂപാന്തരപ്പെട്ടില്ല. നഗരസഭാ പ്രദേശത്തു വിവിധ കാലഘട്ടങ്ങളിലായി ഉണ്ടാക്കിയ മാസ്റ്റർ പ്ലാനുകൾ, പഴക്കം ചെന്ന 12 വിശദ-നഗരാസൂത്രണ പദ്ധതികൾ എന്നിവ നിലനിന്നിരുന്നത് കൊണ്ട് നഗരവാസികൾ അനുഭവിച്ചു പോന്നിരുന്ന പല പ്രശ്നങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കും മാസ്റ്റർപ്ലാൻ 2040 പ്രാബല്യത്തിലാകുന്നതോടെ പരിഹാരമാകും. ഇതോടുകൂടി നഗരസഭ പരിധിയിൽ തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040 മാത്രമാകും ഇനി പ്രാബല്യത്തിൽ ഉണ്ടാവുക.

വികസനത്തിന്റെ പുതിയ മാനങ്ങൾ ഉൾക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള പുതിയ മാസ്റ്റർ പ്ലാൻ, വിഴിഞ്ഞം തുറമുഖം, IT പാർക്കുകൾ തുടങ്ങി എല്ലാ മേഖലകളുടെയും മുന്നേറ്റം ലക്ഷ്യമിടുന്നു. നഗരത്തെ 23 മേഖലകൾ ആയി തിരിച്ചുകൊണ്ട്, 18 സെക്റ്ററുകളിലെ വികസന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചുകൊണ്ടും മിശ്രഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള വികസന സാധ്യതയാണ് മാസ്റ്റർ പ്ലാനിലൂടെ വിഭാവനം ചെയ്യുന്നത്. വാർഡ് തലങ്ങളിൽ ഉൾപ്പെടെ വികസന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് പൊതുജനങ്ങളുടെ വികസന ആവശ്യങ്ങളും അഭിലാഷങ്ങളും നഗരത്തിൻ്റെ പൊതുവികസന ലക്ഷ്യങ്ങളും നിറവേറ്റാനും നഗരത്തിനെ നിക്ഷേപ സൗഹൃദമാക്കുവാനും മാസ്റ്റർ പ്ലാനിലൂടെ ലക്ഷ്യം വയ്ക്കുന്നു.

also read: ഇടപ്പള്ളിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അപകടം ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെ

നൂതന പ്ലാനിങ് ആശയങ്ങളായ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് (TOD), ട്രാൻസ്ഫർ ഓഫ് ഡെവലപ്‌മെൻ്റ് റൈറ്സ് (IDR), ലാൻഡ് പൂളിങ്, അർബൻ ഡിസൈൻ എന്നിവ പുതിയ മാസ്റ്റർ പ്ലാനിലൂടെ നഗരത്തിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിടുന്നു. അതോടൊപ്പം പാരിസ്ഥിതിക മൂല്യങ്ങളുടെ സംരക്ഷണത്തിനായി കൺസെർവേഷൻ സോൺ, ബഫർ-വാട്ടർ ബോഡി സോൺ, സ്പോഞ്ച് സിറ്റി, റിസ്ക് ഇൻഫോംഡ് പ്ലാനിംഗ് എന്നിവയും നടപ്പിലാക്കുവാൻ ലക്ഷ്യം വയ്ക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാവി വികസനം സുഗമമാക്കുന്നതിനുള്ള മേഖലാ നിർദ്ദേശങ്ങളും, ഗതാഗത സംവിധാനങ്ങളുടെ വികസനവും, നഗരത്തിനായി പുതിയ മൊബിലിറ്റി ഹബ്, തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഭാവി വികസനം, മറ്റ് വികസന നിർദ്ദേശങ്ങൾ എന്നിവയും സമയബന്ധിതമായി നടപ്പാക്കുന്നതിന് മാസ്റ്റർ പ്ലാനിൽ പ്രാമുഖ്യം നല്കിയിരിക്കുന്നു. പൈതൃക സംരക്ഷണവും, ടൂറിസം രംഗത്തെ വികസനം ലക്ഷമിട്ടുകൊണ്ടും 3 ടൂറിസം മേഖലകളും ഹെറിറ്റേജ് മേഖലകളുടെ സംരക്ഷണവും മാസ്റ്റർ പ്ലാനിലൂടെ വിഭാവനം ചെയ്യുന്നു.

പുതിയ കാലത്തിനുതകുന്ന, പുതിയ ആസൂത്രണ മാർഗ്ഗങ്ങൾ അവലംബിച്ചുള്ള വികസനോന്മുഖവും ജനസൗഹൃദവുമായ ഒരു മാസ്റ്റർ പ്ലാൻ എന്ന ലക്ഷ്യമാണ് പുതിയ തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040-ലൂടെ നമ്മൾ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. മാസ്റ്റർപ്ലാനിന്റെ അംഗീകാരത്തിന് നേതൃപരമായ പങ്ക് വഹിച്ച ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എംബി രാജേഷിന് നഗരസഭയുടെ നന്ദി രേഖപെടുത്തുന്നു. ഈ മാസ്റ്റർപ്ലാനിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ച മുൻ മേയർമാർ മുൻ നഗരസഭ സെക്രട്ടറിമാർ, തദ്ദേശ വകുപ്പിലെയും നഗരസഭയിലെയും ഉദ്യോഗസ്ഥർ എന്നിവർക്കും ഇതിലേക്കുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകി മാസ്റ്റർപ്ലാൻ സമൃദ്ധമാക്കിയ നഗരത്തിനകത്തും പുറത്തുമുള്ള വിവിധമേഖലയിലെ വിദഗ്ദ്ധർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പരിണിതപ്രജ്ഞരായ നേതാക്കൾ നഗരവാസികളായ പൊതുജനങ്ങൾ ഉൾപ്പെടെയുള്ള എല്ലാപേർക്കും ഈ അവസരത്തിൽ ഹൃദയംനിറഞ്ഞ നന്ദി രേഖപെടുത്തുന്നു. ഇനി നമുക്കൊരുമിച്ച് നമ്മുടെ നഗരത്തിന്റെ സമഗ്രവും സർവതലസ്പർശിയുമായ വികസന ക്ഷേമ പ്രവർത്തനങ്ങൾ പൂർത്തികരിക്കാനായി പ്രവർത്തിക്കാം. സ്മാർട്ട് നഗരത്തിന് ഉതകുന്ന സ്മാർട്ട് മാസ്റ്റർ പ്ലാനുമായി നമ്മുടെ നഗരത്തെ ലോകോത്തരമാക്കാം.

also read: ജമ്മു കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News