കോര്‍പറേറ്റ്-വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദില്ലിയില്‍ തൊഴിലാളി-കര്‍ഷക റാലി പുരോഗമിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷങ്ങളാണ് റാലിയില്‍ പങ്കെടുക്കുന്നത്. അഖിലേന്ത്യ കിസാന്‍സഭ, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിക്ക് കഴിഞ്ഞവര്‍ഷം സെപ്തംബര്‍ അഞ്ചിന് ദില്ലിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനായിരുന്നു ആഹ്വാനം ചെയ്തത്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ മണിപ്പൂര്‍ വരെയുമുള്ള തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും റാലിയുടെ ഭാഗമായി. ദില്ലിയ്ക്ക് സമീപം ഗാസിയാബാദിലും രാജ്യതലസ്ഥാനമേഖലയിലെ ഗുരുദ്വാരകളിലും ധര്‍മശാലകളിലും അടക്കമാണ് ഇവര്‍ക്കുള്ള ക്യാമ്പുകള്‍ ഒരുക്കിയിട്ടുള്ളത്.
അദാനിയും അംബാനിയും നയിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് നല്ലകാലം ഉറപ്പാക്കാന്‍ തൊഴിലാളികളെയും കര്‍ഷകരെയും ചൂഷണം ചെയ്യാന്‍ മോദിസര്‍ക്കാര്‍ എല്ലാസൗകര്യവും ഒരുക്കി നല്‍കുകയാണെന്നും രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാന്‍ കാരണം കേന്ദ്രത്തിന്റെ കോര്‍പറേറ്റ് പ്രീണന നയങ്ങളാണെന്നുമുള്ള മുദ്യാവാക്യമുയര്‍ത്തിയാണ് റാലി. തൊഴിലില്ലായ്മ സര്‍വകാല റെക്കോഡിലാണ്. ദുര്‍ബലവിഭാഗങ്ങളാണ് കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.
മിനിമം വേതനം, എട്ട് മണിക്കൂര്‍ ജോലി, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്ക് നിയമപരിരക്ഷ നല്‍കുന്ന തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കുകയാണ്. ഇതിനെയൊക്കെ മറയിടാന്‍ വര്‍ഗീയ ധ്രുവീകരണം വളര്‍ത്തുന്നുവെന്നും സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കര്‍ഷക സമരം അവസാനിക്കുമ്പോൾ മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് രേഖാ മൂലം നല്‍കിയ ഉറപ്പുകള്‍ പോലും പാലിക്കാത്തതിലും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായി മോദിസര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണത്തിലും പ്രതിഷേധിച്ചാണ് റാലി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here