അന്തരിച്ച കമ്യൂണിസ്റ്റ് നേതാവായ എൻ ശങ്കരയ്യയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിലെ പൊരുതുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് എക്കാലവും പ്രചോദനമായിരുന്നു സഖാവ് ശങ്കരയ്യ എന്നാണ് മന്ത്രി പങ്കുവെച്ച അനുശോചന കുറിപ്പിൽ വ്യക്തമാക്കിയത്.രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഉയർത്തിപ്പിടിച്ച നേതാവാണ് അദ്ദേഹം എന്നും മന്ത്രി കുറിച്ചു.
രാജ്യത്തെ ജനാധിപത്യ-മതനിരപേക്ഷ ജീവിതത്തിന് ഉത്തമ മാതൃകയായിരുന്ന ഒരു കമ്യൂണിസ്റ്റ് നേതാവാണ് വിടപറഞ്ഞതെന്നും തമിഴ് ജനതയുടെ മനസ്സിൽ ഇടംപിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി കുറിച്ചു.
ALSO READ:എന്‍ ശങ്കരയ്യ വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളില്‍ നിറഞ്ഞുനിന്ന സഖാവ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
സിപിഐഎമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളും രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ സഖാവ് എൻ ശങ്കരയ്യയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഇന്ത്യയിലെ പൊരുതുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് എക്കാലവും പ്രചോദനമായിരുന്നു സ. ശങ്കരയ്യ. സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ട് വിശ്രമജീവിതം നയിക്കുമ്പോഴും നാടിന്റെ ഹൃദയംമിടിപ്പറിഞ്ഞ നേതാവായിരുന്നു അദ്ദേഹം.
തൊഴിലാളികൾക്കും കർഷകർക്കും വേണ്ടി സമർപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം പല തലമുറകളെ പ്രചോദിപ്പിച്ചു. തമിഴ് ജനതയുടെ മനസ്സിൽ ഇടംപിടിച്ച നേതാവായിരുന്നു അദ്ദേഹം. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യ സമര പോരാളിയായിത്തീർന്ന അദ്ദേഹം പിന്നീട് പല ജനകീയ പോരാട്ടങ്ങൾക്കും നേതൃത്വം നൽകി. ദീർഘകാലം തമിഴ്‌നാട്ടിലെ സിപിഐ എമ്മിനെ നയിച്ചു. മികച്ച നിയമസഭാ സാമാജികനായും അദ്ദേഹം പ്രവർത്തിച്ചു.
രാഷ്ട്രീയജീവിതവും വ്യക്തിജീവിതവും അദ്ദേഹത്തിന് വ്യത്യസ്തമായിരുന്നില്ല. രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും അദ്ദേഹം ഉയർത്തിപ്പിടിച്ചു. രാജ്യത്തെ ജനാധിപത്യ-മതനിരപേക്ഷ ജീവിതത്തിന് ഉത്തമ മാതൃകയായിരുന്ന ഒരു കമ്യൂണിസ്റ്റ് നേതാവാണ് വിടപറഞ്ഞത്. ആദരവോടെ സഖാവിന് റെഡ് സല്യൂട്ട്.