ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നൽകിയ പത്രപ്പരസ്യത്തിനെതിരെ ഷാഫിപറമ്പിൽ നടത്തുന്ന പ്രചാരണങ്ങൾ കല്ലുവെച്ച കള്ളമാണെന്നും വടകരയിലെ ചക്ക ഷാഫി പാലക്കാട് ഇടരുതെന്നും മന്ത്രി എം.ബി. രാജേഷ്. പത്രപ്പരസ്യവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിനൊപ്പം ചേർന്ന് മറുപടി പറയുകയായിരുന്നു മന്ത്രി. 2 പത്രങ്ങൾക്കല്ല, 4 പത്രങ്ങൾക്കാണ് എൽഡിഎഫ് പരസ്യം നൽകിയിരുന്നതെന്നും ഷാഫിയിപ്പോൾ വലിയ മതനിരപേക്ഷത ചമയുകയാണെന്നും എന്നാൽ, എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ ഷാഫിക്ക് ധൈര്യമുണ്ടോയെന്നും എം.ബി. രാജേഷ് ചോദിച്ചു. ഒരു ഭാഗത്ത് എസ്ഡിപിഐയുമായും മറുഭാഗത്ത് ആർഎസ്എസുമായും ചേർന്നാണ് ഷാഫി നിൽക്കുന്നത്. ബാബരി മസ്ജിദിൽ നിലപാടില്ല ഷാഫിക്ക്.
സന്ദീപിൻ്റെ വിദ്വേഷ പ്രസംഗത്തിനെതിരെയും ഷാഫി ഒന്നും മിണ്ടിയില്ലെന്നും സന്ദീപിനെതിരെ കേസ് കൊടുക്കാൻ ഷാഫി തയ്യാറുണ്ടോ എന്ന് എം.ബി. രാജേഷ് ഷാഫിയെ വെല്ലുവിളിക്കുകയും ചെയ്തു. സന്ദീപിനെ കോൺഗ്രസ് ഖദറുടുപ്പിച്ചിട്ടുള്ളത് കാവി ട്രൌസറിലാണെന്നും സന്ദീപിൻ്റെ വരവോടെ കോൺഗ്രസ് ആർഎസ്എസ് കാര്യാലയത്തിലായെന്നും എം.ബി. രാജേഷ് പരിഹസിച്ചു. അതേസമയം, എൽഡിഎഫിൻ്റെ പത്രപ്പരസ്യത്തിൽ എന്ത് വിവാദമാണ് ഉള്ളതെന്നും പരസ്യത്തിന് അനുമതിയില്ലെന്ന് മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവും പ്രതികരിച്ചു. യുഡിഎഫ് ഇപ്പോൾ ഒരു ആർഎസ്എസുകാരനുമായാണ് വോട്ടുപിടിക്കുന്നതെന്നും ഇതോടെ കോൺഗ്രസ് RSS ബന്ധം തെളിഞ്ഞല്ലോ എന്നും സുരേഷ്ബാബു പറഞ്ഞു. ഷാഫിയുടെ പരാജയ ഭീതിയാണ് നുണകൾക്ക് പിന്നിൽ. സുരേന്ദ്രൻ കള്ളപ്പണം ഷാഫിക്ക് നൽകിയതൊന്നും മാധ്യമങ്ങൾക്ക് വാർത്തയല്ലെന്നും യഥാർഥത്തിൽ ഷാഫിയുടെ വർഗീയ പ്രചാരണമാണ് പരസ്യം വിവാദമാക്കിയതെന്നും ഇ.എൻ. സുരേഷ്ബാബു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here