താമസ ആവശ്യത്തിനു അനുയോജ്യമായ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കായി ചട്ട ഭേദഗതി; തദ്ദേശ അദാലത്തിൽ പുതിയ തീരുമാനവുമായി മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തദ്ദേശ അദാലത്തില്‍ താമസ ആവശ്യത്തിനു അനുയോജ്യമായ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്കായി ചട്ട ഭേദഗതി നടത്തുമെന്ന് വ്യക്തമാക്കി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ട് സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ 3 മീറ്ററില്‍ താഴെ വീതിയുള്ള വഴിയാണെങ്കില്‍, ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് ഒരു മീറ്റര്‍ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. നമം സ്വദേശികളായ നാഗരാജന്റെയും കെ മണിയമ്മയുടേയും പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് നിര്‍ണായക നിര്‍ദ്ദേശം മന്ത്രി നല്‍കിയത്. ചെറിയ വഴിയാണെങ്കില്‍ പോലും വലിയ പ്ലോട്ടുകള്‍ക്ക് 2 മീറ്ററും, 3 സെന്റില്‍ താഴെയുള്ള പ്ലോട്ടുകള്‍ക്ക് 1.8 മീറ്ററും ആയിരുന്നു നിലവില്‍ റോഡില്‍ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്. കെഎംബിആര്‍ 2019 റൂള്‍ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നല്‍കാനാണ് അദാലത്തില്‍ തീരുമാനമെടുത്തത്. സംസ്ഥാനത്തെമ്പാടും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഗുണകരമാവുന്ന തീരുമാനമാണ് തദ്ദേശ അദാലത്തില്‍ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളില്‍ താമസത്തിനായി ചെറിയ വീട് നിര്‍മ്മിച്ച് ഇനിയും വീട് നമ്പര്‍ ലഭിക്കാത്തവര്‍ക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും.

ALSO READ:  80 വാട്ട് ഫാസ്റ് ചാർജിങ്: റിയൽമി 13 5ജി, റിയൽമി 13+മോഡലുകൾ ഇന്ത്യയിൽ പുറത്തിറങ്ങി

അദാലത്തില്‍ തീര്‍പ്പാക്കിയത് 552 പരാതികളാണ്. ഇതില്‍ 497ഉം പരാതിക്കാര്‍ക്ക് അനുകൂലമായാണ് തീര്‍പ്പാക്കിയത്. നിയമപരമായി ഒരു തരത്തിലും പരിഹാരം കാണാന്‍ കഴിയാത്തതിനാല്‍ 52 പരാതികള്‍ നിരസിച്ചു. മുന്‍കൂട്ടി ഓണ്‍ലൈനില്‍ ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇത്തരത്തില്‍ ലഭിച്ച 521 പരാതികളും തീര്‍പ്പാക്കിയിട്ടുണ്ട്. ഇതില്‍ 474 എണ്ണവും പരാതിക്കാര്‍ക്ക് അനുകൂലമായാണ് തീര്‍പ്പാക്കിയത്. 47 എണ്ണം നിരസിച്ചു. അതേസമയം നേരിട്ട് വന്ന പരാതികളില്‍ 31 എണ്ണം ഇന്നുതന്നെ തീര്‍പ്പാക്കി. ഇതില്‍ 23 എണ്ണം അനുകൂലമായാണ് തീര്‍പ്പായത്. 8 എണ്ണം നിരസിച്ചു. 251 പരാതികളാണ് നേരിട്ടെത്തിയത്. ബാക്കിയുള്ള പരാതികള്‍ തുടര്‍ പരിശോധനകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവ രണ്ട് ആഴ്ചയ്ക്കുള്ളില്‍ പരിഹരിച്ച് തീര്‍പ്പ് പരാതിക്കാരെ അറിയിക്കും.

അദാലത്തിലെ പ്രധാന തീരുമാനങ്ങള്‍

ഓട്ടോറിക്ഷ തൊഴിലാളിയായ നാഗരാജന്റെ വീടിന് യു എ നമ്പറാണ് ലഭിച്ചത് എന്നതിനാല്‍ വലിയ നികുതി വരുന്നുവെന്നും ഈ നികുതി കുറയ്ക്കണമെന്നുമുളള ആവശ്യവുമായാണ് നാഗരാജനും മണിയമ്മയുമെത്തിയത്. ഒന്നരസെന്റിലാണ് ഓട്ടോ റിക്ഷ തൊഴിലാളിയായി നാഗരാജന്‍ 86.54 ച. മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള വീട് നിര്‍മ്മിച്ചത്. മുന്നിലുള്ള റോഡില്‍ നിന്ന് ആവശ്യത്തിന് അകലം പാലിച്ചില്ലെന്നതിനാല്‍ യു എ നമ്പര്‍ ആണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഇതിനാല്‍ പ്രതിവര്‍ഷം 5948 രൂപയായിരുന്നു നികുതി. ഇതിന് പുറമെ ലോണ്‍ എടുക്കാനും തടസങ്ങളുണ്ടായിരുന്നു. ചട്ട ഭേദഗതിക്ക് ശേഷം ഇവരുടെ അപേക്ഷ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

രോഗശയ്യയിലായ രാജന് അദാലത്തില്‍ വീട്ടുനമ്പറിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് സ്വദേശി രാജന് ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചെങ്കിലും വീട്ടുനമ്പര്‍ ലഭിക്കാന്‍ തടസ്സം നേരിടുകയായിരുന്നു. ‘കെ എം ബി ആര്‍ പ്രകാരം തെരുവിന്റെ നിര്‍വചനത്തില്‍ ഒന്നിലധികം വീടുകളിലേക്കുള്ള വഴികളാണുള്‍പ്പെടുന്നതെന്നും എന്നാല്‍ 23 (2) ന്റെ പ്രൊവിസോയില്‍ ഒന്നോ ഒന്നിലധികമോയെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഈ വ്യത്യാസം ഒഴിവാക്കി ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്’. വീട് വച്ച സമയം അംഗപരിമിതനായ രാജന് പോകുന്നതിനും വരുന്നതിനും വീല്‍ചെയര്‍ റാമ്പ് നിര്‍മ്മിച്ചതോടെവഴിയില്‍ നിന്നുള്ള വീടിന്റെ അകലം 1.35 മീറ്ററായി. ഇതോടെ കെട്ടിട നിര്‍മ്മാണ നിയമ പ്രകാരം വഴിയില്‍നിന്ന് ഒന്നര മീറ്റര്‍ മാറി വീട് നിര്‍മ്മിക്കണമെന്നുള്ള നിയമം മൂലം വീട്ടുനമ്പര്‍ ലഭിക്കുന്നതിന് തടസ്സമുണ്ടായി. തുടര്‍ന്ന് രാജന്‍ മന്ത്രിയുടെ അദാലത്തില്‍ നല്‍കിയ പരാതിയ്ക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. വീട്ടുനമ്പര്‍ ലഭിച്ചതോടെ അംഗപരിമിതനായ രാജന് വേണ്ടി അദാലത്തില്‍ പങ്കെടുത്ത അമ്മ ജഗദമ്മയും സഹോദരന്‍ അനിയും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.

ALSO READ:  ക്ലബ്ബിന്റെ ശ്രമങ്ങൾ ഒടുവിൽ വിജയിച്ചു: മൗപേ ഇനി മാഴ്‌സയിൽ

തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി റോസമ്മ തദ്ദേശ അദാലത്തിനെത്തിയത്, സ്ഥലത്തിന്റെ ആധാരം തിരികെ ലഭിക്കണമെന്ന ആവശ്യവുമായട്ടായിരുന്നു. ലൈഫ്-പിഎംഎവൈ പദ്ധതി പ്രകാരം രണ്ട് ഗഡു തുകയായി 1,50,000 രൂപ റോസമ്മയ്ക്ക് ലഭിച്ചിരുന്നു. ഇതിന് ആവശ്യമായ നിര്‍മ്മാണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2019ലെ ഓഖി ദുരന്തത്തില്‍ ഈ നിര്‍മ്മാണം തിരയില്‍പ്പെടുകയും ഭാഗീകമായി തകരുകയുമായിരുന്നു. ഇതിനാല്‍ തന്നെ ഇവിടെ തുടര്‍ നിര്‍മ്മാണം നടത്താനും വീട് പൂര്‍ത്തിയാക്കാനും റോസമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ ഭവന നിര്‍മ്മാണ സഹായം നല്‍കിയിട്ടും, വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 9% പലിശയോടെ തുക തിരിച്ചടയ്ക്കണമെന്നാണ് നിയമം. ഇക്കാരണത്താല്‍ നഗരസഭയുടെ കൈവശമുള്ള വീടിന്റെ രേഖകള്‍ തിരികെ ലഭിച്ചില്ല. റോസമ്മയുടെ പരാതി മന്ത്രി വിശദമായി പരിശോധിച്ചു. സാമ്പത്തികമായി വളരെ ദുര്‍ബലാവസ്ഥയിലുള്ള റോസമ്മയെ ഈ ബാധ്യത വലിയ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് അദാലത്ത് വിലയിരുത്തി. ഇവര്‍ക്ക് നിര്‍മ്മാണ യോഗ്യമായ മറ്റ് ഭൂമിയില്ല. ഓഖി ദുരന്തത്തിലാണ് നിര്‍മ്മിച്ചുകൊണ്ടിരുന്ന വീട് തകര്‍ന്നത് എന്നതും പരിഗണിച്ച് ഇളവ് നല്‍കാന്‍ നിര്‍ദേശിച്ചു. റോസമ്മയുടെ സ്ഥലത്തിന്റെ രേഖകള്‍ തിരികെ നല്‍കാന്‍ മന്ത്രി നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി.

സങ്കേതിക തടസങ്ങള്‍ നീക്കി ബീമാപ്പള്ളി സ്വദേശി സെയ്ദത്ത് നിസയ്ക്ക് ലൈഫ്-പിഎംഎവൈ പദ്ധതിയുടെ നാലാം ഗഡു ഉടന്‍ അനുവദിക്കാന്‍ നിര്‍ദേശം നല്‍കി. ഭവന പദ്ധതി പ്രകാരം വീട് അനുവദിച്ചാല്‍ നിലവില്‍ താമസിക്കുന്ന വീട് പൂര്‍ണമായി പൊളിച്ചുകളഞ്ഞ് നിര്‍മ്മാണം നടത്തണമെന്നാണ് നിയമം. വീട് നിര്‍മ്മിക്കുന്ന സമയത്ത് മറ്റൊരിടത്ത് വാടകയ്ക്ക് പോകാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍, നിലവിലുള്ള വീടിന്റെ ഒരു മുറിയില്‍ താമസിച്ചുകൊണ്ട് നിര്‍മ്മാണം നടത്തുകയും, കെട്ടിടം പൂര്‍ത്തിയാകുന്ന സമയത്ത് ഈ മുറി പൊളിച്ചുമാറ്റുമെന്നുമുള്ള വ്യവസ്ഥയിലാണ് നഗരസഭ ധനസഹായം നല്‍കിയത്. വാസയോഗ്യമല്ലാതിരുന്ന പഴയ വീടിന്റെ 100 ച. ഫീറ്റില്‍ താഴെയുള്ള ഒരു മുറി പൊളിക്കാതെ വെച്ചത്. എന്നാല്‍ ഈ മുറികൂടി ഉള്‍പ്പെടുത്തിയാണ് പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതുള്‍പ്പെടെയുള്ള കംപ്ലീഷന്‍ പ്ലാനാണ് നഗരസഭയില്‍ സമര്‍പ്പിച്ചത്. ഇതോടെ ലൈഫ്-പിഎംഎവൈ പദ്ധതിയുടെ അവസാന ഗഡു മുടങ്ങി. നഗരസഭാ കൌണ്‍സില്‍ തീരുമാനപ്രകാരം മുന്‍പ് ഇളവിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

ALSO READ: ‘സംസ്ഥാനത്ത് കരിയർ നയം താമസിയാതെ പ്രഖ്യാപിക്കും’: മന്ത്രി വി ശിവൻകുട്ടി

തദ്ദേശ അദാലത്തില്‍ സെയ്ദത്ത് നിസയുടെ പരാതി മന്ത്രി വിശദമായി കേട്ടു. സാമ്പത്തിക ബുദ്ധിമുട്ടും അറിവില്ലായ്മയും മൂലമാണ് ഈ പിഴവ് പറ്റിയതെന്ന് അദാലത്തിന് ബോധ്യപ്പെട്ടു. നിര്‍മ്മിച്ച പുതിയ വീട് 77 ച. മീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ളതാണ്, ഇതിനൊപ്പമാണ് 100 ച. അടിയില്‍ താഴെയുള്ള ഒരു മുറിയുമുള്ളത്. ഈ മുറി കൂടി ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം എന്നതിനാല്‍, ഇത് ഇടിച്ചുമാറ്റുക പ്രായോഗികമല്ല എന്നും അദാലത്ത് വിലയിരുത്തി. ഇത് ഭവന വിപുലീകരണമായി കണക്കാക്കാതെ ലൈഫ്- പിഎംഎവൈ പദ്ധതിയുടെ നാലാം ഗഡു അനുവദിക്കാന്‍ നിര്‍ദേശിച്ചു.

വീട് നിര്‍മ്മിക്കുന്നതിനായി കോര്‍പ്പറേഷന്‍ സഹായത്തോടെ വാങ്ങിയ ഭൂമിയില്‍ ലൈഫ്- പിഎംഎവൈ വീടിന് നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് പേട്ട പാല്‍ക്കുളങ്ങര സ്വദേശി ഷിബു എസ് കെ തദ്ദേശ അദാലത്തില്‍ എത്തിയത്. ഇവര്‍ക്ക് ലഭിച്ച ഭൂമി നഗരസഭയുടെ പുതിയ മാസ്റ്റര്‍പ്ലാന്‍ പ്രകാരം നിര്‍മ്മാണം അനുവദിക്കാത്ത കണ്‍സര്‍വേറ്റീവ് സോണില്‍ ആണ്. മാസ്റ്റര്‍പ്ലാന്‍ വരുന്നതിനു മുന്‍പ് നല്‍കിയ പെര്‍മിറ്റുകള്‍ക്ക് മാത്രമേ ഇവിടെ നിര്‍മ്മാണ അനുമതിയുള്ളൂ. ഇക്കാരണത്താലാണ് പെര്‍മിറ്റ് നിഷേധിച്ചത്. ഷിബുവിന്റെ പരാതി മന്ത്രി വിശദമായി കേട്ടു.

ALSO READ: വയനാട് ഉരുള്‍പൊട്ടൽ; എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് മികച്ച പുനരധിവാസം നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തില്‍ തീരുമാനം

മാസ്റ്റര്‍ പ്ലാന്‍ കരട് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പാണ് 2022ല്‍ കോര്‍പറേഷന്റെ ധനസഹായത്തോടെ സ്ഥലം വാങ്ങിയത് എന്ന് പരിശോധനയില്‍ വ്യക്തമായി. അപേക്ഷകന് മറ്റ് ഭൂമിയില്ല എന്നും മനസിലാക്കാനായി. ലൈഫ്- പി എം എ വൈ പദ്ധതി പ്രകാരമുള്ള ചെറിയ വീടാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിനാല്‍ ഈ വിഷയത്തില്‍ പ്രത്യേക പരിഗണന കൊടുത്ത് ഇളവ് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഷിബുവിന് ഉടന്‍ പെര്‍മിറ്റ് നല്‍കാന്‍ മന്ത്രി കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കി. മാസങ്ങളായി ശ്രമിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിച്ച സന്തോഷത്തിലാണ് ഷിബു തദ്ദേശ അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.പുഞ്ചക്കരി വാര്‍ഡ് സ്വദേശിയായ പ്രവീണ അതീവ സന്തോഷത്തിലാണ് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നും പുറത്തേക്കെത്തിയത്. അപൂര്‍വ ജനിതകരോഗ ബാധിതയായ മകള്‍ ഉള്‍പ്പെടെ രണ്ട് പെണ്‍മക്കളും ഓട്ടോറിക്ഷാ തൊഴിലാളിയായ ഭര്‍ത്താവുമടങ്ങുന്ന തന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന ആശ്വാസത്തിലാണ് പ്രവീണ ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here