ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ സംഘടിപ്പിച്ച ദീപാവലി പാർട്ടിയിൽ മാംസവും മദ്യവും വിളമ്പിയതിന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ ബ്രിട്ടീഷ് ഹിന്ദുക്കളുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധം. കമ്മ്യൂണിറ്റി നേതാക്കളും പ്രധാന രാഷ്ട്രീയക്കാരും പങ്കെടുത്ത ചടങ്ങിൽ പരമ്പരാഗത ദീപാവലി വിളക്ക് കൊളുത്തൽ, കുച്ചിപ്പുടി നൃത്തം, ദീപാവലിയെ കുറിച്ചുള്ള സ്റ്റാർമറിന്‍റെ പ്രസംഗം എന്നിവ ഉണ്ടായിരുന്നു.
പക്ഷെ, ഡിന്നർ മെനു കണ്ട് അതിഥികൾ ഞെട്ടി. മട്ടൺ കബാബ്, ബിയർ, വൈൻ എന്നിവ ഉൾപ്പെടുന്ന ഡിന്നർ മെനു അതിഥികളിൽ നിന്ന് തന്നെ പ്രതിഷേധം ക്ഷണിച്ചു വരുത്തി. മുൻ വർഷങ്ങളിൽ, ഋഷി സുനക് ആഘോഷം നടത്തിയപ്പോൾ, ദീപാവലി മെനുവിൽ മാംസവും മദ്യവും ഒഴിവാക്കിയിരുന്നു.
പ്രമുഖ ബ്രിട്ടീഷ് ഹിന്ദു നേതാവ് സതീഷ് കെ ശർമ്മ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നടപടിയെ ശക്തമായി വിമർശിച്ചു. കഴിഞ്ഞ 14 വർഷമായി 10 ഡൗണിംഗ് സ്ട്രീറ്റിൽ ദിപാവലി ആഘോഷം നടക്കാറുണ്ടെന്നും ഇത്തരത്തിൽ ഒരു സംഭവം ആദ്യമായിട്ടാണെന്നും എക്‌സിൽ പങ്കിട്ട ഒരു വീഡിയോ പ്രസ്താവനയിൽ ശർമ്മ പറഞ്ഞു.
ബ്രിട്ടീഷ് ഹിന്ദുക്കളുടെ മറ്റൊരു സംഘടനയായ ഇൻസൈറ്റ് യുകെയും ഒരു ഓൺലൈൻ പോസ്റ്റിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. മാംസവും മദ്യവും കൊണ്ട് ഒരു പവിത്രമായ ആഘോഷം നശിപ്പിച്ചെന്നായിരുന്നു ഇൻസൈറ്റ് യുകെയുടെ പ്രതികരണം. എന്നാൽ കമ്യൂണിറ്റി നേതാക്കളിൽ നിന്നടക്കം ഇത്രയും പ്രതിഷേധങ്ങൾ ഉയർന്നിട്ടും പ്രധാന മന്ത്രിയുടെ ഓഫിസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഒന്നുമുണ്ടായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here