‘കേരളമേ പോരൂ, വയനാടിനായി ലോകമേ ഒന്നിയ്ക്കാം’; മീഡിയ അക്കാദമിയും സ്വരലയയും ചേർന്നൊരുക്കിയ ‘സാന്ത്വനഗീതം’ പുറത്തിറക്കി

‘കേരളമേ പോരൂ, വയനാടിനായി ലോകമേ ഒന്നിയ്ക്കാം’ എന്ന സന്ദേശവുമായി ഡോ. കെജെ യേശുദാസ് പാടിയ സാന്ത്വനഗീതം മ്യൂസിക് ആല്‍ബമായി പുറത്തിറക്കി. കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്നാണ് ഈ ഗാനം തയ്യാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ മുന്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എംഎ ബേബി സിഡി ഏറ്റുവാങ്ങി.

Also Read; ‘സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്; അത് കാരണം നഷ്ടമായത് ഒൻപത് ചാൻസ്’: ശ്വേതാ മേനോൻ

”ഒന്നായ് നേരിടാം, കനലായ് തുണയായ് കേരളമേ പോരൂ…” എന്നു തുടങ്ങുന്ന ഗാനം, വയനാടിന്റെ നൊമ്പരവും പുനര്‍ നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്നതാണ്. അസാധാരണവും അമ്പരപ്പിക്കുന്നതുമാണ് യേശുദാസിന്റെ ആലാപനമെന്ന് എംഎ ബേബി പറഞ്ഞു.

”സഹജാതരില്ലാത്തൊരു പുലര്‍വേള
അതിരാകെ മായുന്ന പ്രളയാന്ധഗാഥ
വയനാടീ നാടിന്റെ മുറിവായി മാറി
കദനമായ് കബനി കവിഞ്ഞു
ഒരു മാത്ര കണ്‍തുറന്നപ്പോള്‍
അതിവേഗമെല്ലാം പൊലിഞ്ഞു
ഒരു വാക്കിനാലും പകര്‍ത്താന്‍
അരുതാത്ത നോവാണ് നെഞ്ചില്‍”

എന്നിങ്ങനെ വയനാടിന്റെ സങ്കടം ഉള്ളുപൊട്ടുംവിധം വരച്ചിട്ടിരിക്കുകയാണ് കവി റഫീഖ് അഹമ്മദ്. നാനക് മല്‍ഹാര്‍, ചാരുകേശി എന്നീ രാഗങ്ങളുടെ സ്വരചലനങ്ങള്‍ ഉപയോഗിച്ചാണ് ഈ ഗാനം സംഗീതസംവിധായകന്‍ രമേശ് നാരായണ്‍ ചിട്ടപ്പെടുത്തിയത്. അമേരിക്കയിലെ സ്റ്റുഡിയോയില്‍ യേശുദാസും തിരുവനന്തപുരത്ത് തമലത്തുള്ള സ്റ്റുഡിയോയിലിരുന്ന് രമേശ് നാരായണനും പരസ്പരം കണ്ടും കേട്ടും മൂന്നരമണിക്കൂര്‍ ചിലവഴിച്ചാണ് ഈ ഗാനം റെക്കോര്‍ഡ് ചെയ്തത്.

Also Read; 2018 -ൽ നൽകിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായില്ല; താരസംഘടന A.M.M.A. യ്ക്കെതിരെ ഗുരുതര ആരോപണം

ഈ പാട്ട് കേട്ടുകഴിഞ്ഞപ്പോള്‍ യേശുദാസിന്റെ സംഗീതത്തിന് പ്രായമില്ല എന്ന് തനിക്കു മനസ്സിലായെന്ന് രമേശ് നാരായണ്‍ പറഞ്ഞു. കേരളത്തിനോടുള്ള യേശുദാസിന്റെ അതിരില്ലാത്ത സ്നേഹമാണ് ഈ പാട്ടില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. ചലച്ചിത്ര സംവിധായകന്‍ ടികെ രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. ദൃശ്യാവിഷ്‌കാരം നടത്തിയത് ചലച്ചിത്രകാരന്‍ വി പുരുഷോത്തമനാണ്. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ക്രിയേറ്റീവ് ഹെഡ് ആണ്.

ഈ ഗാനത്തിന് കോറസ് പാടിയിട്ടുള്ളത് മധുവന്തി, മധുശ്രീ, ഖാലിദ്, സിജുകുമാര്‍ എന്നിവരാണ്. മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനചടങ്ങില്‍ സ്വരലയ ജനറല്‍സെക്രട്ടറി ഇഎം നജീബ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ടിവി സുഭാഷ് ഐഎഎസ്, രമേശ് നാരായണ്‍, മധുശ്രീ, കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News