കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍; ക്യാമ്പയിന്‍ സ്പര്‍ശ് 2024

ദേശീയ കുഷ്ഠരോഗ നിവാരണ ദിനമായ ജനുവരി 30 മുതല്‍ സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ വ്യാപകമായി ബോധവത്കരണ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ജില്ലകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സൗജന്യ പരിശോധനയും വിദഗ്ധ ചികിത്സ ഉറപ്പാക്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍, റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനം, ഓഡിയോ സന്ദേശങ്ങള്‍, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. രോഗ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയാല്‍ കുഷ്ഠ രോഗം ഭേദമാക്കുവാനും അംഗവൈകല്യം തടയുവാനുമാകും. സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം: കെ കെ ശൈലജ

വളരെ ശ്രദ്ധിക്കേണ്ട രോഗമാണ് കുഷ്ഠരോഗം. കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാവുന്ന വിധം പ്രത്യക്ഷപ്പെടുമെങ്കിലും രോഗം ശരീരഭാഗങ്ങളില്‍ ബാധിക്കാനും സങ്കീര്‍ണതകളുണ്ടാക്കാനും വര്‍ഷങ്ങളെടുക്കും. ഇതു മൂലം രോഗ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയും രോഗം തിരിച്ചറിയാതെ പോകുകയും കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുകയും ചെയ്യുന്നു. മരുന്ന് കഴിച്ചു തുടങ്ങിയാലുടന്‍ തന്നെ രോഗപ്പകര്‍ച്ച ഒഴിവാക്കുവാനും കഴിയും. സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായി നിവാരണം ചെയ്യുവാന്‍ ലക്ഷ്യമിട്ടിട്ടുള്ള രോഗമാണ് കുഷ്ഠം.

കുഷ്ഠരോഗം

വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

രോഗ ലക്ഷണങ്ങള്‍

തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുക എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങള്‍. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, ഞരമ്പുകളിലെ തടിപ്പ്, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആകാം.

ALSO READ: മരുന്ന് ക്ഷാമം ഇല്ല, വിവിധ സ്കീമുകളിലൂടെ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നുണ്ട്; മന്ത്രി വീണാ ജോർജ്

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ എടുക്കുന്നു.

ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

6 മുതല്‍ 12 മാസം വരെയുള്ള വിവിധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം.

ചികിത്സയിലിരിക്കുന്ന രോഗിയില്‍ നിന്നും രോഗാണുക്കള്‍ പകരില്ല. കേരളത്തില്‍ കുഷ്ഠരോഗത്തിന്റെ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും ഇപ്പോഴും കുഷ്ഠ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരളത്തില്‍ പതിനായിരത്തില്‍ 0.14 എന്ന നിരക്കിലാണ് കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. അതിനാല്‍ ശരീരത്തില്‍ ഏതെങ്കിലും നിറവ്യത്യാസമുള്ള പാടുകളോ തടിപ്പുകളോ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തി കുഷ്ഠരോഗമല്ല എന്ന് ഉറപ്പ് വരുത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News