മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തി രോഗ സ്ഥിരീകരണം നടത്തി ചികിത്സ ഉറപ്പാക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനു എം.എസ്. പറഞ്ഞു. അമിതമായ ക്ഷീണം, പനി, വയറു വേദന, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം, എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ക്രമേണ മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുക. കരളിനെ ബാധിക്കുന്ന വൈറല്‍ രോഗമായതിനാല്‍ കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ നടത്തേണ്ടത് ആവശ്യമാണ്. രോഗമുള്ളയാളിന്റെ വിസര്‍ജ്യത്താല്‍ മലിനമായ വെള്ളത്തിലൂടെയും മലിന ജലം ഉപയോഗിച്ച് പാത്രവും കയ്യും കഴുകുന്നതിലൂടെയും രോഗം പകരാം. ലക്ഷണമില്ലാത്ത രോഗബാധിതരില്‍ നിന്നും രോഗം പകരാനിടയുണ്ട്.
വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക. ചുരുങ്ങിയത് 10 മിനുട്ടെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്തുപയോഗിക്കരുത്. വെള്ളം എടുക്കാനുപയോഗിക്കുന്ന പത്രങ്ങള്‍ വൃത്തിയായി കഴുകി ഉപയോഗിക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യം ടോയ്‌ലെറ്റില്‍ മാത്രം നിക്ഷേപിക്കുക, ആഹാരവും വെള്ളവും ഈച്ച കടക്കാത്ത വിധം അടച്ചു വയ്ക്കുക, കുടിവെള്ള സ്രോതസുകള്‍ , വാട്ടര്‍ ടാങ്കുകള്‍, വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ ഇവ വൃത്തിയായി സൂക്ഷിക്കുക, പൊതു പരിപാടികള്‍, ആഘോഷങ്ങള്‍, ചടങ്ങുകള്‍, എന്നിവ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
കുടിവെള്ളം വാട്ടര്‍ പ്യൂരിഫൈര്‍ വഴിയുള്ളതാണെങ്കിലും ക്ലോറിനേറ്റ് ചെയ്തതാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം കുടിക്കുക , ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക , കിണറുകളും കുടിവെള്ള സ്രോതസുകളും നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക, രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here