നിപാ വൈറസ് രോഗം സംശയിക്കുന്ന 30 പേരുടെ സാമ്പിൾ കൂടി പരിശോധനയ്‌ക്കയച്ചു. ഇതിൽ 15പേരും ആരോഗ്യ പ്രവർത്തകരാണ്. ഒരു ഡോക്ടർക്ക് രോഗലക്ഷണമുണ്ട്. നിപ പ്രതിരോധ പ്രവർത്തക ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നത തല യോഗം ഇന്ന് ചേരും. കേന്ദ്ര സംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നിപാ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 പേർ ആരോഗ്യ പ്രവർത്തകരാണ്.
ALSO READ:പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയ സംഭവം; 8 പേര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കായി അയച്ച പതിനൊന്നുപേരുടെയും ഫലം നെഗറ്റീവാണ്.
സ്വകാര്യ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള നാലുപേരടക്കം 213 പേർക്കാണ് അടുത്ത സമ്പർക്കം ഉള്ളത്. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ 17പേരുണ്ട്. രോഗികളുമായി ഇവർക്ക് സമ്പർക്കമില്ല.എന്നാൽ ഇവർ നിപാ ബാധിതമേഖലയിൽ നിന്നുള്ളവരാണ്.
അതേസമയം പ്രതിരോധപ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസും വ്യാഴാഴ്‌ചയും ഓൺലൈനായി അവലോകനം ചെയ്‌തു.സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ മന്ത്രി വീണാ ജോര്‍ജ് നിപ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. കേസുകള്‍ വര്‍ധിച്ചാല്‍ സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. മരുന്നും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷനോട് നിര്‍ദേശിച്ചു. സാമ്പിൾ പരിശോധന വേഗത്തിലാക്കാൻ പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെയും തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുടെയും ഓരോ മൊബൈൽ യൂണിറ്റും സജ്ജമാക്കി.
അതേസമയം വവ്വാലുകളുടെ ആവാസ സങ്കേതങ്ങൾ നശിപ്പിക്കുന്നതുമൂലം കൂടുതൽ നിപാ വൈറസ് പുറത്തുവരാൻ സാധ്യതയെന്ന് പക്ഷി ശാസ്‌ത്രജ്ഞർ വിലയിരുത്തി. കേരളത്തിൽ 45ൽപ്പരം ഇനത്തിൽപ്പെട്ട വവ്വാലുകൾ ഉണ്ടെങ്കിലും ടീറോപസ് വിഭാഗത്തിൽപ്പെട്ട പഴംതീനി വവ്വാലുകളിലാണ് വൈറസ് സ്ഥിരീകരിച്ചത്. അതും ചെറിയ ശതമാനം മാത്രമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here