മേഘാലയയിലും സംഘര്‍ഷം, രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി: 16 പേര്‍ കസ്റ്റഡിയില്‍

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ മേഘാലയയിലേക്കും പടരുന്നു. കുകി വിഭാഗത്തിലേയും മെയ്‌തേയ് വിഭാഗത്തിലെയും ആളുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മെയ് നാലിനാണ് സംഭവം. ഷില്ലോങിലെ  മിസോ മോഡേണ്‍ സ്‌കൂളിനടത്തുള്ള നോണ്‍ഗ്രിം ഹില്‍സ് എന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. 16 പേര്‍ ഇതുവരെ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ ദിവസങ്ങളായി അരങ്ങേറുന്നുണ്ടെങ്കിലും ബുധനാഴ്ചയാണ് വിവിധ വിഭാഗങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതി ഉണ്ടായത്. നാഗ വിഭാഗത്തിലെയും കുകി വിഭാഗത്തിലേയും ആയിരക്കണക്കിന് ആദിവാസികള്‍ ഒത്തുചേരുകയായിരിന്നു.സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ച് മണിപ്പൂരില്‍ 50 ശതമാനത്തിന് മുകളില്‍ വരുന്ന മെയ്‌തേയ് വിഭാഗം രംഗത്തെത്തിയിരിന്നു. എന്നാല്‍ മെയ്‌തേയ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നാല്‍പത് ശതമാനം വരുന്ന കുകി, നാഗ വിഭാഗങ്ങള്‍  രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

മണിപ്പൂരിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇന്ത്യന്‍ സൈന്യത്തേയും അസം റൈഫിള്‍സിനേയും വിന്യസിച്ചിട്ടുണ്ട്. മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചിരിക്കുയാണ്.

മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ മെയ് 8-ന് ബാംഗ്ലൂരിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതായി ദില്ലിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കൈരളി ഓൺലൈനോട് പറഞ്ഞു. ഇവരെ 8-ന് ഇംഫാലിൽ നിന്ന് കൊൽക്കത്തയിലെത്തിക്കും. അവിടെനിന്നുമാണ് ബംഗളൂരുവിൽ എത്തിക്കുക. ഇംഫാലിൽ നിന്ന് മെയ് 8 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കൊൽക്കത്തയിലേയ്ക്കും കൊൽക്കത്തയിൽ നിന്നും അന്നു രാത്രി 9.30യോടെ ബംഗളൂരുവിലും എത്തിച്ചേരാൻ പാകത്തിന് വിദ്യാർത്ഥികൾക്കായുള്ള ടിക്കറ്റ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ബുക്ക് ചെയ്തിട്ടുണ്ട്.

ഇംഫാലിൽ കുടുങ്ങി കിടന്ന ഒമ്പത് വിദ്യാർഥികളാണ് സർക്കാരിനോട് സഹായം ആവശ്യപ്പെട്ടത്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. കൂടുതൽ മലയാളി വിദ്യാർത്ഥികൾ മണിപ്പൂരിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവരെയും നാട്ടിലെത്തിക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്നും പ്രൊഫ. കെ.വി തോമസ് വ്യക്തമാക്കി.

അതേസമയം, മണിപ്പൂരിൽ സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം സൈന്യവും പൊലീസും ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ കലാപം പൊട്ടി പുറപ്പെട്ട ചുരാചന്ദ്പൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സംഘർഷങ്ങൾ നിയന്ത്രിക്കാൻ ഇനിയും സൈന്യത്തിനോ പൊലീസിനോ സാധിച്ചിട്ടില്ല. സംഘർഷ മേഖലകളിൽ സൈന്യവും അസം റൈഫിൾസും പൊലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. നാലായിരം പേരാണ് ഇതിനകം സൈന്യത്തിൻ്റെ അഭയാർത്ഥി ക്യാമ്പുകളിൽ എത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഓൾ ട്രൈബൽ സ്റ്റുഡൻ്റ്സ് യൂണിയൻ മണിപ്പൂർ നടത്തിയ മാർച്ചിന് പിന്നാലെ ചുരാചന്ദ്പൂരിലും ഇംഫാലിലും ഏറ്റുമുട്ടലുകൾ നടന്നു. എട്ട് ജില്ലകളിലാണ് നിലവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News