അതിഖ് അഹമ്മദിന്റെ കൊലപാതകം അന്വേഷിക്കാന്‍ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം

സമാജ്‌വാദി മുന്‍ എംപി അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഭവം റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അന്വേഷിക്കും. അലഹബാദ് ഹൈക്കോടതി റിട്ട ജഡ്ജി അരവിന്ദ് കുമാര്‍ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ റിട്ട. ഐപിഎസ് ഓഫിസര്‍ സുബീഷ് കുമാര്‍ സിംഗ്, റിട്ട ജില്ലാ ജഡ്ജി ബ്രിജേഷ് കുമാര്‍ സോണി എന്നിവരാണുള്ളത്. കേസില്‍ രണ്ട് മാസത്തിനകം സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൊലീസിന്റെ സുരക്ഷാ വീഴ്ച അടക്കമുള്ള വിഷയങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.

അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രത തുടരുകയാണ്. കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കാനാണ് സാധ്യത. പ്രയാഗ്‌രാജില്‍ ചിലയിടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമായി തുടങ്ങി. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കുമായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കൊലയാളി സംഘത്തിലെ മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ ഒരുമിച്ച് ഇതിന് മുന്‍പ് മറ്റ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രി കനത്ത പൊലീസ് സുരക്ഷയില്‍ അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്റഫിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ജയിലില്‍ കഴിയുന്ന അതിഖിന്റെ രണ്ടു മക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ലവ്‌ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരാണ് പ്രതികള്‍. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേനെ അതിഖിനും സഹോദരനുമരികില്‍ എത്തിയ പ്രതികള്‍ നിറയൊഴിക്കുകയായിരുന്നു. സുരക്ഷ വീഴ്ചയെ തുടര്‍ന്ന് അതിഖിന്റെ സുരക്ഷക്കുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News