ഇന്ത്യന്‍ കലാ സിനിമയുടെ ഇതിഹാസം; ഓര്‍മകളില്‍ ശ്യാം ബെനഗല്‍

ഇന്ത്യന്‍ കലാ സിനിമയുടെ ഇതിഹാസമാണ് ശ്യാം ബെനഗല്‍. എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യന്‍ സിനിമ ലോകവേദികളില്‍ നിറഞ്ഞു നിന്നത് ശ്യാം ബെനഗല്‍ സിനിമകളിലൂടെയാണ്. പതിനെട്ടു തവണ ദേശീയ അവാര്‍ഡ് നേടിയ ശ്യാം ബെനഗലിനെ ദാദാസാഹെബ് ഫാല്‍കെ അവാര്‍ഡും പത്മശ്രീ പത്മ ഭൂഷണ്‍ പുരസ്‌കാരങ്ങളും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

ഹിന്ദി സിനിമയെന്നാല്‍ ബോളിവുഡ് മസാലപ്പടങ്ങള്‍ മാത്രമല്ലെന്ന് ലോകം അറിഞ്ഞത് ശ്യാം ബെനഗലിന്റെ സിനിമകളിലൂടെയാണ്. ബംഗാളി സിനിമയില്‍ എഴുപതുകളില്‍ മൃണാള്‍ സെന്‍ തുടങ്ങിയ നവതരംഗ വിപ്ലവത്തിന് സമാനമായിരുന്നു ബെനഗല്‍ ഹിന്ദി സിനിമയില്‍ നടത്തിയ മുന്നേറ്റങ്ങള്‍.

ALSO READ: ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും, യുഎസില്‍ ആണും പെണ്ണും മതിയെന്ന് ഡൊണാള്‍ഡ് ട്രംപ്!

ഹൈദരാബാദുകാരനായ ശ്യാം ബെനഗല്‍ ഇരുപത്തി ആറാം വയസില്‍ ഗുജറാത്തി ഭാഷയില്‍ ഡോക്യുമെന്ററി സംവിധാനം ചെയ്താണ് തുടങ്ങിയത്. 1973 ല്‍ അനന്ത് നാഗിനെയും ശബാന ആസ്മിയെയും ആദ്യമായി അഭിനയിപ്പിച്ച അങ്കൂര്‍ എന്ന സിനിമയോടെ ഇന്ത്യക്കകത്തും പുറത്തും പേരെടുത്തു. 1975 ല്‍ ബെനഗല്‍ സംവിധാനം ചെയ്ത നിശാന്ത് തെലങ്കാനയിലെ ഫ്യൂഡല്‍ പീഡനങ്ങളുടെയും സ്ത്രീ ചെറുത്തു നില്‍പ്പിന്റെയും ചലച്ചിത്ര ഭാഷ്യമാണ്.

ഗുജറാത്തില്‍ വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ നടന്ന ധവള വിപ്ലവമാണ് മന്ഥന്‍ സിനിമയുടെ ഇതിവൃത്തം. ക്ഷീര കര്‍ഷകരുടെ സംഭാവനകളോടെ നിര്‍മിച്ച ഈ ചിത്രം ചലച്ചിത്ര നിര്‍മാണത്തിലെ ക്രൗഡ് ഫണ്ടിംഗിന്റെ ആദ്യ മാതൃകയാണ്. ഗ്രാമീണ ഇന്ത്യയുടെ വിലാപമാണ് ഭൂമിക. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ച ബെനഗലാണ് ശബാന ആസ്മിക്കും സ്മിതാ പാട്ടീലിനും ഇന്ത്യന്‍ സിനിമയില്‍ ഒരു മേല്‍വിലാസം നല്‍കിയത്. 1983 ല്‍ പുറത്തിറങ്ങിയ ബെനഗലിന്റെ മാണ്ഡി രാഷ്ട്രീയത്തെയും വേശ്യാവൃത്തിയെയും കുറിച്ചുള്ള ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ്.

ALSO READ: റാസൽഖൈമയിൽ പുതുവൽസരാഘോഷ ഒരുക്കങ്ങൾ തകൃതി, വെടിക്കെട്ടും ഡ്രോൺ ഷോയും ആഘോഷങ്ങളുടെ ചാരുതയാകും

ഗോവയിലെ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള ത്രികാല്‍, ജൂനൂണ്‍, സുബൈദ, സര്‍ദാരി ബീഗം തുടങ്ങിയ സിനിമകളും ബെനഗലിന്റെ സംഭാവനകളാണ്. ശശി കപൂറിനെ പോലുള്ള ബോളിവുഡ് നായകര്‍ വരെ ബെനഗല്‍ സിനിമകള്‍ നിര്‍മിക്കാന്‍ പണം മുടക്കിയിട്ടുണ്ട്. ഓം പുരി, നസറുദിന്‍ ഷാ, അമരീഷ് പുരി തുടങ്ങിയ നടന്മാരുടെ ഏറ്റവും മികച്ച പ്രകടനങ്ങളും ബെനഗല്‍ ചിത്രങ്ങളുടെ മികവാണ്. പതിനെട്ടു തവണ ദേശീയ അവാര്‍ഡ് നേടിയ ബെനഗല്‍ ആറു തവണ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയത്. കാന്‍ ബെര്‍ലിന്‍ മോസ്‌കോ ഉള്‍പ്പെടെയുള്ള ചലച്ചിത്രമേള് കളിലെല്ലാം ഇന്ത്യന്‍ സിനിമയുടെ കൊടി പറത്തി.

പൂനാ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ അധ്യാപകനും പിന്നീട് ചെയര്‍മാനുമായിരുന്ന ബെനഗല്‍ ഇന്ത്യന്‍ സിനിമയിലെ ഒരു തലമുറയെ തന്നെ വാര്‍ത്തെടുത്ത സംവിധായക നാണയെന്നു പറയാം. 2005-ല്‍ സിനിമാ മേഖലയിലെ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു . പത്മശ്രീ പത്തു ഭൂഷണ്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്ന ശ്യാം ബെനഗലിനെ പോലെ ഇന്ത്യന്‍ സിനിമയുടെ സര്‍വ രംഗത്തും സജീവമായി തലയുയര്‍ത്തി നിന്ന മറ്റൊരു സംവിധായകനെ എടുത്തു പറയാനില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News