ആദ്യ ആഭ്യന്തര അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 48 വയസ്സ്. ദുരധികാരം രോഗക്കിടക്കയില്‍ കിടത്തിയ ഇടത്തുനിന്ന് ഇന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ മരണാസന്നമായി തുടരുകയാണ് ഇന്ത്യന്‍ ജനാധിപത്യം.
1975 ജൂണ്‍ 25ന് പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ആഭ്യന്തര അടിയന്തരാവസ്ഥയും 1973ല്‍ പുറത്തിറങ്ങിയ, ഹം തും ഏക് കമരെ മേം ബന്ദ് ഹൊ എന്ന ഗാനമടങ്ങുന്ന ബോബി സിനിമയും തമ്മില്‍ ഗാഢമായ ഒരു ബന്ധമുണ്ട്. സര്‍ക്കാരിനെതിരെ ദില്ലിയില്‍ ജെപി നേതൃത്വം നല്‍കുന്ന വിരാട് റാലിയില്‍ ആരും പങ്കെടുക്കാതിരിക്കാന്‍ ഉച്ചയ്ക്ക് ദൂരദര്‍ശനില്‍ ബോബി സിനിമ പ്രദര്‍ശിപ്പിച്ച് പ്രതിഷേധങ്ങള്‍ക്ക് ബോബി ട്രാപ്പ് കെട്ടുകയായിരുന്നു ഇന്ദിര.
Also Read: ഇന്ത്യ ലോര്‍ഡ്‌സില്‍ ലോകം കീഴടക്കിയിട്ട് ഇന്നേക്ക് 40 വര്‍ഷം
635 ദിവസങ്ങള്‍ ജനാധിപത്യത്തെ ബന്ദിയാക്കിയ ദുരധികാര കാലം തുടങ്ങിയത് തന്നെ രാത്രിക്ക് രാത്രി പ്രതിപക്ഷ നേതാക്കളെ എല്ലാം തുറങ്കിലടച്ചു കൊണ്ടായിരുന്നു. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ മാധ്യമങ്ങള്‍ക്ക് ബദല്‍ തീര്‍ത്തത് മറ്റു ചില മാധ്യമങ്ങള്‍ തന്നെയാണ്. ഹിമ്മത്തും ദേശാഭിമാനിയും അടക്കമുള്ള പത്രങ്ങള്‍ പ്രതിഷേധ മുഖപ്രസംഗം എഴുതിയും സെന്‍സറിങ് കടുത്തപ്പോള്‍ നിലപാട് പേജ് ഒഴിച്ചിട്ടും പോരാട്ടം മുറുക്കി. കേരളത്തില്‍ കരുണാകരന്റെ ആജ്ഞ നടപ്പാക്കിയ പോലീസ് കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയതും പിന്നീട് അദ്ദേഹം തന്നെ നിയമസഭാതലത്തില്‍ രക്തംപുരണ്ട തന്റെ വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രസംഗിച്ചതും ഭരണകൂട വേട്ടയുടെ ചരിത്രത്തിന്റെ ഭാഗം. അന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് രാജിവെചച്ച് ഒഴിയണമെന്ന് ഇന്ദിരാഗാന്ധിയെ നിര്‍ത്തിക്കൊണ്ട് വിദ്യാര്‍ഥി യൂണിയന്റെ പ്രമേയം വായിച്ചുകേള്‍പ്പിച്ച എസ്എഫ്‌ഐ നേതാവ് സീതാറാം യെച്ചൂരി ഇന്ന് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് അടച്ചുപൂട്ടി മാധ്യമങ്ങളുടെയും പൗരന്മാരുടെയും വാമൂടിക്കെട്ടിയെങ്കില്‍ ഇപ്പോള്‍ മുതലാളി ശിങ്കിടിമാരെ കൊണ്ട് സ്വതന്ത്ര മാധ്യമങ്ങളെയടക്കം വിലയ്ക്കുവാങ്ങുകയാണ് സംഘപരിവാരം. ഏജന്‍സിവേട്ടയും വാട്‌സ്ആപ്പ് വൈറ്റ് വാഷും കൊണ്ട് രക്ഷപ്പെടുകയാണ് ഭരണകൂടം. ഒപ്പം, മനുഷ്യമനസ്സുകള്‍ക്കിടയിലൂടെ മതിലുകള്‍ പണിതും ചരിത്രം തിരുത്തി എഴുതിയതിന്റെ ചെങ്കോല്‍ നാട്ടിയും ഞെളിയുക കൂടിയാണ് ഹിന്ദുത്വം. ആദ്യ അടിയന്തരാവസ്ഥയുടെ കാലത്തും കാവി അടിയന്തരാവസ്ഥയുടെ കാലത്തും ഇന്ത്യന്‍ ജനത നേര്‍സാക്ഷികളാകുന്നത് ഭരണകൂടത്തിന്റെ ചൂരല്‍ കൈമാറ്റം മാത്രം. അധികാരക്കസേരകളുടെ കാല്‍ക്കല്‍ കഴുത്തൊടിഞ്ഞ് തൂങ്ങിക്കിടക്കുകയാണ് ഇന്ത്യന്‍ ജനാധിപത്യവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here