ദുരിതബാധിതര്‍ക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം; കണ്ണടകള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും കണ്ണടകള്‍ ഉറപ്പാക്കി: മന്ത്രി വീണാ ജോര്‍ജ്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ വയനാട്ടിലെത്തി മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.

ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരില്‍ ആവശ്യമായവര്‍ക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം കൂടി ഉറപ്പാക്കുന്നതിനുള്ള ക്രമീകരണമൊരുക്കി. ദീര്‍ഘകാല മാനസികാരോഗ്യ സേവനം ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരില്‍ കണ്ണടകള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും കണ്ണടകള്‍ ഉറപ്പാക്കി. ആരോഗ്യവകുപ്പ് നേത്ര പരിശോധന നടത്തിയാണ് കണ്ണടകള്‍ വിതരണം ചെയ്യുന്നത്. ഇതുവരെ 422 പേരെ പരിശോധിച്ചതില്‍ 199 പേര്‍ക്ക് കണ്ണടകള്‍ ആവശ്യമുള്ളതായി കണ്ടെത്തി. അതില്‍ എല്ലാവര്‍ക്കും കണ്ണട നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗണ്‍സിലിംഗും ഗ്രൂപ്പ് കൗണ്‍സിലിംഗും നല്‍കി വരുന്നു. 132 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകളും വീടുകളും സന്ദര്‍ശിച്ചു. 261 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സിലിംഗും 368 പേര്‍ക്ക് സൈക്കോസോഷ്യല്‍ ഇന്റര്‍വെന്‍ഷനും 26 പേര്‍ക്ക് ഫാര്‍മാക്കോ തെറാപ്പിയും നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News