2,500 കോടി രൂപയിലധികം വിലമതിക്കുന്ന നിരോധിത മയക്ക് മരുന്നായ മെഫെഡ്രോൺ പിടികൂടി. പൂനെയിലും ദില്ലിയിലും രണ്ട് ദിവസങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ ആണ് ഇത് പിടികൂടിയത്. 700 കിലോഗ്രാം മെഫെഡ്രോൺ ആണ് പിടിച്ചെടുത്തത്.
നിലവിൽ അഞ്ചു പേരാണ് അറസ്റ്റിലായത്.പൂനെയിലെ വെയര്‍ഹൗസുകളില്‍ നിന്ന് ദില്ലിയിലെത്തിച്ച് വില്‍പ്പന നടത്തുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ദില്ലിയിലെ ഒരു ഗോഡൗണിൽ നിന്നും 400 കിലോ സിന്തറ്റിക് ഉത്തേജകമരുന്നും കണ്ടെത്തി. ‘കൊറിയർ ബോയ്‌സ്’ എന്നാണ് അറസ്റ്റിലായവരെ പൊലീസ് വിശേഷിപ്പിച്ചത്. ഇവർക്കെതിരെ മുൻപും കുറ്റകൃത്യങ്ങളിൽ കേസുകൾ ഉണ്ടെന്നും പൂനെ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. പൂനെ പൊലീസിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്.
മ്യാവൂ മ്യാവൂ എന്ന പേരിലും ഇത് അറിയപ്പെടുന്നു. വൈറ്റ് മാജിക്, എം-ക്യാറ്റ്, ഡ്രോൺ എന്നിങ്ങനെയുള്ള പ്രാദേശിക പേരുകളിലും മെഫെഡ്രോണിനെ വിളിക്കുന്നു.കസ്റ്റഡിയിലെടുത്ത വ്യക്തികളും കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ലളിത് പാട്ടീലും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിൽ പാട്ടീലിന്റെ പങ്ക് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച നഗരത്തിലെ ഒരു ഉപ്പ് വ്യാപാരി ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 3.5 കോടി രൂപ വിലമതിക്കുന്ന 1.75 കിലോ മെഫെഡ്രോൺ പിടികൂടുകയും ചെയ്ത സംഭവത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here