ലോക ശ്രദ്ധ നേടി കേരളത്തിൽ നിന്നുള്ള സംരംഭമായ ‘എക്സ്ട്രാവീവ്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവൻ്റുകളിലൊന്നായ മെറ്റ്ഗാല 2023 വേദിയിൽ പാകിയിരിക്കുന്ന അതിമനോഹരമായ കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത് കേരളത്തിൽ നിന്നാണ് എന്ന് അറിയിച്ചിരിക്കുകയാണ് വ്യവസായ മന്ത്രി പി.രാജീവ്. എക്സ്ട്രാവീവ് സ്ഥാപകനായ സന്തോഷിനെ വിളിക്കുകയും അഭിനന്ദനമറിയിക്കുകയും ചെയ്തതായി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവൻ്റുകളിലൊന്നായ മെറ്റ്ഗാല 2023 വേദിയിൽ പാകിയിരിക്കുന്ന അതിമനോഹരമായ കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത് നമ്മുടെ കേരളത്തിൽ നിന്നുള്ള സംരംഭമായ ‘എക്സ്ട്രാവീവ്’ ആണ്. എക്സ്ട്രാവീവ് സ്ഥാപകനായ ശ്രീ. സന്തോഷിനെ രാവിലെ വിളിക്കുകയും അഭിനന്ദനമറിയിക്കുകയും ചെയ്തു. 58 റോളുകളായി ഏകദേശം 7000 സ്ക്വയർ മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2023നായി എക്സ്ട്രാവീവ്സ് നിർമ്മിച്ചുനൽകിയത്. അമേരിക്കയിൽ തന്നെയുള്ള ഫൈബർ വർക്ക്സ് കമ്പനി വഴിയാണ് കേരളത്തിലേക്ക് ഈ ഓർഡർ ലഭിച്ചത്.
ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചുകൊണ്ട് അതിപ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷൻ ഇവൻ്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. അന്തരിച്ച പ്രശസ്ത ഡിസൈനർ കാൾ ലാഗർഫെൽഡിന് ആദരമർപ്പിച്ചുകൊണ്ട് ഇത്തവണത്തെ പ്രമേയം അദ്ദേഹത്തിൻ്റെ ഡിസൈനുകളായിരുന്നു. ഇതിനോട് നീതിപുലർത്തുന്ന രീതിയിലാണ് കാർപ്പറ്റും ഒരുക്കിയിരുന്നത്. 40 തൊഴിലാളികൾ 70 ദിവസം കൊണ്ട് ആലപ്പുഴയിൽ നെയ്തെടുത്ത കാർപ്പറ്റുകൾ ലോകത്തിൻ്റെയാകെ മനംകവർന്നുവെന്നതിൽ സംശയമില്ല. വൂൾ കാർപ്പറ്റുകളിൽ നിന്ന് മാറിയതിന് ശേഷം ഇത്തവണ സൈസിൽ ഫാബ്രിക്സാണ് കാർപ്പറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം തങ്ങളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്സ്ട്രാവീവ്സ് ഇപ്പോൾ മെറ്റ്ഗാലയിലൂടെയും കേരളത്തിൻ്റെ ടെക്സ്റ്റൈൽ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here